മല്ലപ്പള്ളി: താലൂക്കില കാലവർഷക്കെടുതി മൂലമുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ വിവിധ ഹബ്ബുകളിൽ നിന്ന് ലഭിച്ചതും വിതരണശേഷം ബാക്കിവന്നതുമായ ഭക്ഷ്യ, ഭക്ഷ്യേതര വസ്തുക്കൾ ബാക്കിയുള്ളത് താലൂക്കിലെ വില്ലേജ് ഓഫീസുകൾ വഴി വെള്ളപ്പൊക്ക ബാധിത പ്രദേശത്തെ ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ളവർക്ക് വിതരണം ചെയ്യും.
അർഹതപ്പെട്ടവർ റേഷൻ കാർഡുമായി ഉടൻ വില്ലേജ് ഓഫീസിലെത്തി സാധനങ്ങൾ ഏറ്റുവാങ്ങണം. പ്രളയബാധിത മേഖലകളിൽ എത്തിക്കുന്നതിനായി ലഭിച്ച സാധനങ്ങൾ അധികമായി പ്രമാടത്തും കുന്നന്താനം കിൻഫ്ര പാർക്കിലും സൂക്ഷിച്ചിരുന്നു. ഇവയെല്ലാം അടിയന്തരമായി അർഹരായവർക്ക് നൽകാനാണ് തീരുമാനം.
നേരത്തെ പട്ടികജാതി കോളനികളിലേക്കു മാത്രമായി ഇവ വിതരണം ചെയ്യാൻ നിർദേശിച്ചിരുന്നെങ്കിലും പ്രളയബാധിതരായ നിരവധി ഇതര കുടുംബങ്ങൾ ഇന്നും ദുരിതത്തിലാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബിപിഎല്ലുകാർക്ക് മൊത്തമായി നൽകാൻതീരുമാനം ഉണ്ടായത്. മല്ലപ്പള്ളി താലൂക്കിലാണ് ഇതിനു തുടക്കം കുറിക്കുന്നത്.