കൊച്ചി: ദിനവും റിക്കാർഡുകൾ ഭേദിച്ച് മുന്നേറുന്ന ഇന്ധനവില പുതിയ ഉയരത്തിൽ. സംസ്ഥാനത്ത് ഇന്ന് പെട്രോളിന് 15 പൈസയുടെയും ഡീസലിന് 17 പൈസയുമാണ് കൂടിയത്. ഇതോടെ സംസ്ഥാനത്ത് പെട്രോളിന് 87 രൂപയും ഡീസലിന് 80 രൂപയും കടന്നു. 87.32 രൂപയാണ് തിരുവനന്തപുരത്ത് ഇന്നത്തെ ശരാശരി പെട്രോൾ വില. ഇന്നലെ 87.17 രൂപയായിരുന്നു. ഡീസലിന് ഇന്ന് 80.59 രൂപയായി. ഇന്നലെ 80.42 രൂപയായിരുന്നു.
കൊച്ചിയിൽ പെട്രോൾ വില 86.13 രൂപയായും ഡീസൽ വില 79.47 രൂപയായും വർധിച്ചു. ഇന്നലെ പെട്രോളിന് 85.98 രൂപയായും ഡീസലിന് 79.30 രൂപയുമായിരുന്നു. കൊച്ചി നഗരത്തിനു പുറത്ത് പെട്രോൾ വില 86 രൂപയും ഡീസൽ വില 80 രൂപയും പിന്നിട്ടു. കോഴിക്കോട് പെട്രോൾ വില 86.24 രൂപയായപ്പോൾ ഡീസലിന് 79.59 രൂപയായി. ഇന്നലെ പെട്രോൾ വില 86.09 രൂപയും ഡീസൽ വില 79.42 രൂപയുമായിന്നു.
കഴിഞ്ഞ ഒരു മാസത്തിനിടെ അഞ്ച് രൂപയ്ക്കു മുകളിലാണ് പെട്രോൾ, ഡീസൽ വില വർധിച്ചത്. പെട്രോളിന് 5.47 രൂപയുടെയും ഡീസലിന് 5.25 രൂപയുടെയും വർധനയാണ് കൊച്ചിയിൽ കഴിഞ്ഞ മാസം അനുഭവപ്പെട്ടത്. കഴിഞ്ഞ മാസം ഒന്നാം തീയതി കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന്റെ ശരാശരി വില 80.66 രൂപയും ഡീസൽ വില ലിറ്ററിന് ശരാശരി 74.22 രൂപയുമായിരുന്നു.