കോട്ടയം: മുക്കൂട്ടുതറ കൊല്ലമുള സ്വദേശി ജെസ്ന മരിയ ജയിംസിന്റെ ദുരൂഹ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ജെസ്നയെ കണ്ടെത്താൻ ഇതര സംസ്ഥാനങ്ങളിൽ അടക്കം തെരച്ചിൽ നടത്താനാണ് ക്രൈംബ്രാഞ്ചിന് നിർദേശം. പോലീസ് മാസങ്ങളോളം അന്വേഷണം നടത്തിയെങ്കിലും ഒരു തുന്പും കേസിൽ ലഭിച്ചിരുന്നില്ല.
കഴിഞ്ഞ മാർച്ച് 22ന് എരുമേലിക്ക് സമീപം മുക്കൂട്ടുതറയിൽ നിന്നുമാണ് ബിരുദ വിദ്യാർഥിനിയായ ജെസ്നയെ കാണാതായത്. പ്രത്യേക സംഘം 11 സംസ്ഥാനങ്ങളിലടക്കം വ്യാപക തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഈ സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാൻ ഡിജിപി ലോക്നാഥ് ബെഹ്റ ഉത്തരവിറക്കിയത്.
എരുമേലി വഴി മുണ്ടക്കയത്ത് ജെസ്ന എത്തിയതായി സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ സ്ഥിരീകരിച്ചിരുന്നു. എന്നാൽ മറ്റ് തെളിവുകളോ മൃതദേഹമോ ലഭിക്കാത്തത് കേസന്വേഷണം പ്രതിസന്ധിയിലാക്കിയിരുന്നു.