ചാലക്കുടി: നഗരസഭ പ്രദേശത്ത് തെരുവുവിളക്കുകൾ കത്തിക്കാത്തതിൽ പ്രതിഷേധിച്ച് ഫ്യൂസായ ട്യൂബ് ലൈറ്റുകളും മെഴുകുതിരി കത്തിച്ചും കൗണ്‍സിലിൽ പ്രതിഷേധം. പ്രതിപക്ഷ അംഗമായ ജിജോ കിഴക്കുംതലയാണ് ഫ്യൂസായ ട്യൂബുലൈറ്റുകൾ കൗണ്‍സിലിൽ കൊണ്ടുവന്ന് മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചത്.
പ്രതിപക്ഷ അംഗങ്ങൾ തെരുവ് വിളക്കുകൾ കത്തിക്കാത്തതിൽ പ്രതിഷേധിച്ചു. പ്രളയത്തെത്തുടർന്ന് നഗരസഭ പ്രദേശത്ത് നഗരസഭ നടത്തിവന്നിരുന്ന കുടിവെള്ള വിതരണം മുന്നറിയിപ്പില്ലാതെ നിർത്തിവച്ചതിൽ പ്രതിപക്ഷം പ്രതിഷേധം ഉയർത്തി. ഇതിനെ തുടർന്ന് ആവശ്യമായ സ്ഥലങ്ങളിൽ കുടിവെള്ള വിതരണം പുനരാരംഭിക്കാൻ തീരുമാനിച്ചു.
പ്രതിപക്ഷത്തെ ഷിബു വാലപ്പനാണ് വിഷയം കൗണ്‍സിലിൽ ഉന്നയിച്ചത്. കിണറുകളിലെ വെള്ളം മലിനീകരണ നിയന്ത്രണ ബോർഡ് പരിശോധിച്ചതിൽ വ്യാപകമായ മലിനീകരണമുണ്ടെന്ന റിപ്പോർട്ട് കൗണ്‍സിലിന്റെ ശ്രദ്ധയിൽ കൊണ്ടുവന്ന ഷിബു വാലപ്പൻ ശുദ്ധജലവിതരണം തുടരണമെന്ന് ആവശ്യപ്പെട്ടു. ചെയർപേഴ്സണ്‍ ജയന്തി പ്രവീണ്‍കുമാർ അധ്യക്ഷത വഹിച്ചു.