കാളികാവ്: കേഴ മാനിറച്ചി എന്ന പേരിൽ പട്ടിയിറച്ചി വിറ്റതായ സംഭവത്തിൽ ദുരൂഹത നീങ്ങുന്നില്ല. നാലു പേർ കാളികാവ് പോലീസിന്റെ നിരീക്ഷണത്തിലാണ്. ചോക്കാട് കല്ലാമൂലയിൽ കേഴ മാനിറച്ചി എന്ന് തെറ്റിദ്ധരിപ്പിച്ച് വേട്ട സംഘം പട്ടിയിറച്ചി വിറ്റു എന്നതായിരുന്നു ഏതാനും ദിവസങ്ങളായി മേഖലയെ പിടിച്ച് കുലുക്കിയ വിവാദം.
കേഴമാനിനെ കൊന്ന് ഇറച്ചി വിറ്റതിന് ശേഷം മേഖലയിലെ വന്യമൃഗ വേട്ടസംഘം വിവരം ചോർന്നോ എന്ന സംശയത്തെ തുടർന്ന് വനംവകുപ്പിനേയും മറ്റും തെറ്റിദ്ധരിപ്പിക്കാൻ പട്ടിയിറച്ചിക്കഥ മെനഞ്ഞുണ്ടാക്കിയതാണെന്നും സംശയമുയർന്നിരുന്നു.
എന്നാൽ കാട്ടുമൃഗത്തിന്റെ ഇറച്ചി സംഘടിപ്പിക്കാൻ കഴിയാത്തതിനാൽ പട്ടികളെ വെട്ടി നുറുക്കി മാനിറച്ചി എന്ന പേരിൽ വിൽപന നടത്തിയതാകും എന്നും സംശയിക്കുന്നു. പട്ടിയിറച്ചി കഴിച്ച് പലരും ആശുപത്രിയിൽ ചികിത്സ തേടിയതായി നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. പ്രദേശത്ത് പട്ടികളുടെ തലകൾ കുഴിച്ചിട്ട നിലയിൽ കണ്ടതായും വിവരമുണ്ട്.