കണ്ണൂർ: വിവിധ വ്യക്തികളിൽ നിന്നായി ഭൂമിയും പണവും കൈക്കലാക്കി വഞ്ചിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചിറക്കൽ കോട്ടക്കുന്ന് സ്വദേശി പുളിയാണ്ടി മനോജ് (48) നെയാണ് കണ്ണൂർ ടൗൺ സിഐ ടി.കെ. രത്നകുമാറും എസ്ഐ ശ്രീജിത്ത് കൊടേരിയും ചേർന്ന് അറസ്റ്റ് ചെയ്തത്.
തളാപ്പിലെ രത്ന എന്ന സ്ത്രീയുടെ പരിയാരം വായാട് വില്ലേജിലുള്ള ആറ് ഏക്കർ കശുവണ്ടി തോട്ടം, പള്ളിക്കുന്നിലെ ലക്ഷ്മിയുടെ പേരിലുള്ള ഭൂമി, പ്രവാസിയായ ഗിരീഷ് ചാത്തോത്തിൽനിന്ന് പത്ത് ലക്ഷം രൂപ, പുതിയതെരുവിലെ ഷഫീഖിൽനിന്ന് അഞ്ചുലക്ഷം രൂപയും കൈക്കലാക്കി വഞ്ചിച്ചുവെന്നാണ് കേസ്.
തളാപ്പിലെ രത്നയാണ് ആദ്യം പോലീസിനെ സമീപിച്ചത്. ഇവരുടെ പേരിൽ പരിയാരം വായാട് വില്ലേജിലുള്ള ആറേക്കർ കശുവണ്ടി തോട്ടം എട്ട് ലക്ഷം രൂപയ്ക്ക് ലീസിന് മനോജ് വാങ്ങിയിരുന്നു. ഈ സ്ഥലത്ത് ഇയാൾ പിന്നീട് ചെങ്കൽക്വാറി നടത്തി പണമുണ്ടാക്കി. പരാതിക്കാരിയായ രത്നയ്ക്ക് ഏഴ് ലക്ഷം രൂപ നൽകുകയും പിന്നീട് അവരെ പറഞ്ഞുവഞ്ചിച്ച് ഈ തുകകൊണ്ടുതന്നെ ക്വാറിയിലേക്കുള്ള ലോറി വാങ്ങുകയായിരുന്നു.
പിന്നീട് ഇയാൾ പണമൊന്നും നൽകിയില്ല. കൂടാതെ ഇതേഭൂമിയിൽ ആട് ഫാം തുടങ്ങാമെന്ന് വാഗ്ദാനം ചെയ്ത് പ്രവാസിയായ ഗിരീഷ് ചാത്തോത്തിൽനിന്ന് പത്ത് ലക്ഷം രൂപ വാങ്ങുകയും ഫാം തുടങ്ങുകയോ പണം തിരിച്ചുനൽകുകയോ ചെയ്യാതെ വഞ്ചിക്കുകയുമായിരുന്നു.
പുതിയതെരുവിലെ ഷഫീഖിൽനിന്നു അഞ്ച് ലക്ഷം രൂപ വാങ്ങി ബിസിനസ് നടത്താമെന്നു പറഞ്ഞു വഞ്ചിച്ചതായുമുള്ള മൂന്നുകേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. സിവിൽ പോലീസ് ഓഫീസർമാരായ രഞ്ജിത്ത്, സജിത്ത്, ബാബു പ്രസാദ്, റെയ്സ് എന്നിവരും പോലീസ് സംഘത്തോടൊപ്പമുണ്ടായിരുന്നു. മനോജിനെതിരേ കൂടുതൽ പരാതികൾ ലഭിച്ചിട്ടുണ്ടെന്നും ഇവ പരിശോധിച്ചു വരികയാണെന്നും ടൗൺ എസ്ഐ ശ്രീജിത്ത് കൊടേരി അറിയിച്ചു.