രാജ്കോട്ട്: ഇംഗ്ലണ്ടിനെതിരേയുള്ള ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയില്‍ നാണംകെട്ട തോല്‍വി വഴങ്ങിയ ഇന്ത്യന്‍ ടീമിന് ടെസ്റ്റില്‍ തങ്ങളുടെ കരുത്ത് തെളിയിക്കാന്‍ അവസരം. സ്വന്തം നാട്ടില്‍ എന്നും മികച്ച ആധിപത്യം പുലര്‍ത്തുന്ന ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെതിരേ ടെസ്റ്റ് പരമ്പരയ്ക്ക് ഒരുങ്ങുകയാണ്. ഈ വര്‍ഷം അവസാനത്തോടെ ആരംഭിക്കുന്ന ഓസ്ട്രേലിയന്‍ പര്യടനത്തിനു മുമ്പ് ടെസ്റ്റ് ടീമിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള അവസരമാണ് ഇന്ത്യക്കു ലഭിച്ചിരിക്കുന്നത്. ഓപ്പണിംഗിലെ സ്ഥിരതയില്ലായ്മയാണ് ഇന്ത്യക്ക് ഏറ്റവും വലിയ പ്രശ്നം. ഈ പരമ്പരയിലൂടെ ആ പ്രശ്നത്തിന് പരിഹാരം കാണാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യയുടെ ടോപ് ഓര്‍ഡര്‍ ബാറ്റിംഗ് നിരയ്ക്ക് അടുത്തകാലത്തു ശോഭിക്കാനായിട്ടില്ല. റാങ്കിംഗില്‍ എട്ടാമതുള്ള വെസ്റ്റ് ഇന്‍ഡീസിനെതിരേ എല്ലാ മേഖലയിലും ശോഭിക്കാനുള്ള അവസരമാണ് ഇന്ത്യക്കു ലഭിച്ചിരിക്കുന്നത്. നാളെ രാജ്കോട്ടിലാണ് രണ്ടു മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം. ഇംഗ്ലണ്ടിലേറ്റ 4-1ന്റെ ടെസ്റ്റ് പരമ്പര തോല്‍വി ഉണ്ടാക്കിയ വേദന ഒരുപരിധി വരെ കുറയ്ക്കാന്‍ കൂടിയാണ് ഇന്ത്യ ഇറങ്ങുന്നത്. പരമ്പര 2-0ന് ജയിച്ചാല്‍ ഇന്ത്യക്ക് റാങ്കിംഗ് പോയിന്റ് കൂടുതല്‍ മെച്ചപ്പെടുത്താനാകും.
ഇംഗ്ലണ്ടിനെതിരേയുള്ള പരമ്പരയിലെ ആദ്യ മത്സരത്തില്‍ മുരളി വിജയ്-ശിഖര്‍ ധവാന് സഖ്യമാണ് ഓപ്പണ്‍ ചെയ്തത്. ഇരുവര്‍ക്കും മത്സരത്തില്‍ ശോഭിക്കാനുമായില്ല. രണ്ടു പേരുമില്ലാതെയാണ് വിന്‍ഡീസ് പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. ലോകേഷ് രാഹുലായിരുന്നു ഇംഗ്ലണ്ടില്‍ ഇന്ത്യയുടെ മൂന്നാമത്തെ ഓപ്പണര്‍. അവസാന ടെസ്റ്റില്‍ 149 റണ്‍സ് അടിച്ച് രാഹുല്‍ സെലക്ടര്‍മാരുടെ വിശ്വാസം കാത്തു. ഇതുകൊണ്ട് രാഹുല്‍ വിന്‍ഡീസിനെതിരേ ഉറപ്പായിട്ടും ഓപ്പണറുടെ സ്ഥാനത്തുണ്ടാകും. കൂടെ ആരെന്ന കാര്യത്തില്‍ മാത്രമാണു തീര്‍ച്ചയില്ലാത്തത്. മായങ്ക് അഗര്‍വാളോ പൃഥ്വി ഷായോ ആകും കൂട്ടായെത്തുക. ഇരുവരും ഇതുവരെ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചിട്ടില്ല.
2017-18 ക്രിക്കറ്റ് സീസണിലെ എല്ലാ ഫോര്‍മാറ്റിലും മികച്ച ബാറ്റിംഗ് കാഴ്ചവച്ച ഇരുപത്തിയേഴുകാരനായ അഗര്‍വാള്‍ ടീമിലെത്താന്‍ യോഗ്യനാണ്. 18 വയസുള്ള ഷാ ഇന്ത്യന്‍ ടീമില്‍ തനിക്കു ഭാവിയുണ്ടെന്നു തെളിയിച്ച കളിക്കാരനാണ്. ഇരുവരും ഓസ്ട്രേലിയയ്ക്കെതിരേയുള്ള നാലു മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയാണ് ലക്ഷ്യമിടുന്നത്. അതുകൊണ്ട് കിട്ടിയ അവസരം കൂടുതല്‍ മികവിലാക്കാനാകും ഇവര്‍ ലക്ഷ്യമിടുക. ഇതിനിടെ വിജയ് ടീമില്‍നിന്ന് പുറത്താക്കിയതിന് ബാറ്റ് കൊണ്ടു മറുപടി കൊടുത്തിട്ടുണ്ട്. എസക്സിനുവേണ്ടി കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ ഒരു സെഞ്ചുറിയും മൂന്നു അര്‍ധ സെഞ്ചുറിയുമായി ഫോമിലാണെന്നു തെളിയിച്ചുകഴിഞ്ഞു.
നാട്ടില്‍ പ്രകടിപ്പിക്കുന്ന മികവ് വിദേശത്തും ആവര്‍ത്തിക്കാന്‍ 2018ല്‍ വിരാട് കോഹ് ലിയുടെ സംഘത്തിനു ലഭിച്ചിരിക്കുന്ന അവസാന അവസരമാണ് ഓസ്ട്രേലിയന്‍ പര്യടനം. ഓസ്ട്രേലിയയില്‍ വിജയിക്കാനായാല്‍ ഇന്ത്യക്ക് എന്തുകൊണ്ടു തങ്ങള്‍ ഒന്നാം റാങ്കില്‍ നില്‍ക്കുന്നുവെന്ന് എല്ലാവരെയും അറിയിക്കാനാകും.
പരിക്കിനെത്തുടര്‍ന്ന ഓള് റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയും പേസര്‍ ഇഷാന്ത് ശര്‍മയും വിന്‍ഡീസിനെതിരേയുള്ള ടെസ്റ്റ് ടീമിലില്ല. കൂടാതെ ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ക്കു വിശ്രമം നല്‍കിയിരിക്കുകയാണ്.
വെസ്റ്റ് ഇന്‍ഡീസിന് ഇന്ത്യയുടെ മാരകമായ സ്പിന്‍ ആക്രമണം നേരിടേണ്ടിവരും രവിചന്ദ്രന്‍ അശ്വിനും രവീന്ദ്ര ജഡേജയുമാകും ആദ്യ ഇലവനില്‍ ഉണ്ടാകാന്‍ സാധ്യത കൂടുതൽ. കുല്‍ദീപ് യാദവാണ് മൂന്നാമത്തെ സ്പിന്നര്‍.
സ്വന്തം നാട്ടില്‍ മികച്ച പ്രകടനം നടത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് വിന്‍ഡീസ് ഇന്ത്യയില്‍ ടെസ്റ്റ് പരമ്പരയ്ക്കൊരുങ്ങുന്നത്. മൂന്നു ടെസ്റ്റുകളുടെ പരമ്പരയില്‍ ബംഗ്ലാദേശ്, ശ്രീലങ്ക ടീമുകളുമായി 1-1ന് സമനിലയില്‍ പിരിഞ്ഞു.
ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും ഇതുവരെ 22 ടെസ്റ്റ് പരമ്പരയില്‍ ഏറ്റുമുട്ടി. വിജയക്കണക്കില്‍ വിന്‍ഡീസ് 12-8ന് മുന്നിലാണ്. രണ്ടു പരമ്പര സമനിലയായി. എന്നാല്‍ കഴിഞ്ഞ രണ്ടു പതിറ്റാണ്ട് ഇന്ത്യക്കാണ് കരീബിയന്‍ ടീമിനെതിരേ ആധിപത്യം. 2002 മേയില്‍ കിംഗ്സ്റ്റണില്‍ വച്ചാണ് ഇന്ത്യക്കെതിരേ വിന്‍ഡീസിനെ അവസാനത്തെ ജയം. 1994നുശേഷം വിന്‍ഡീസിന് ഇന്ത്യയില്‍ ജയിക്കാനായിട്ടില്ല.