ക്വാലാലംപുര്‍: തങ്ങളുടെ ലോകം അവസാനിച്ചിട്ടില്ലെന്ന് ഇന്ത്യയുടെ അണ്ടര്‍ 16 ഫുട്ബോള്‍ പരിശീലകന് ബിബിയനോ ഫെര്‍ണാണ്ടസ്. ഇന്ത്യ ഫിഫ അണ്ടര്‍ 17 ലോകകപ്പിനു യോഗ്യത നേടാനാവാതെ പോയശേഷമാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
എഎഫ്സി അണ്ടര്‍ 16 ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പരാജപ്പെട്ടതോടെയാണ് ഇന്ത്യക്കു ലോകകപ്പിനു യോഗ്യത നേടാതെ പോയത്. സെമിയിലെത്തിയിരുന്നെങ്കില് ലോകകപ്പിനു യോഗ്യത നേടാമായിരുന്നു. ശക്തമായി പോരാടിയ ഇന്ത്യ ഏകപക്ഷീയമായ ഒരു ഗോളിനാണ് ദക്ഷിണ കൊറിയയോടു തോറ്റത്.
മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടെങ്കിലും ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ കഴിവ് കാണിക്കാനായെന്നു ബിബിയനോ പറഞ്ഞു. ഞങ്ങള്‍ തിരിച്ചുവന്ന് വീണ്ടും തുടങ്ങും. അണ്ടര്‍ 16 ചാമ്പ്യന്‍ഷിപ്പ് അവസാനിച്ചു കഴിഞ്ഞു ഇനി അണ്ടര്‍ 19 ചാമ്പ്യന്‍ഷിപ്പുകളാണ് ലക്ഷ്യം. ഈ ടൂര്‍ണമെന്റ് ഇന്ത്യക്കു മത്സര പരിചയം നല്കി. കൂടുതല്‍ നേട്ടങ്ങളുമായാണ് ഇനി നാട്ടിലേക്കു പോകുക പരിശീലകന് പറഞ്ഞു.
ടൂര്‍ണമെന്റിലുടനീളം ഇന്ത്യന്‍ കുട്ടികള്‍ നടത്തിയ പ്രകടനത്തെയും അദ്ദേഹം പ്രശംസിച്ചു. നാലു കളിയില്‍ ഒരു ഗോള്‍ മാത്രമാണ് ഇന്ത്യ വഴങ്ങിയത്. അതും ക്വാര്‍ട്ടര്‍ ഫൈനലിലായിരുന്നു.