സ്വന്തം ലേഖകൻ
തലശേരി: തലശേരിയിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയ സംഭവത്തിന് സമാനമായി സംഭവം മധുരയിലും നടന്നതായി റിപ്പോര്‍ട്ട്. തട്ടിപ്പ് സംഘങ്ങള്‍ക്ക് പിന്നില്‍ ആദായ വകുപ്പില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥനും പങ്കെന്ന് സൂചന.
തലശേരിയിലെ മത്സ്യമൊത്തവ്യാപാരിയായ പി.പി.എം മജീദിന്റെ സെയ്ദാര്പള്ളിയിലെ വീട്ടില്‍ തട്ടിപ്പ് നടത്തിയ ശേഷം കൊള്ളസംഘം മജീദിന്റെയും ഭാര്യയുടേയും പേരെഴുതിയ ആദായ നികുതി വകുപ്പിന്റെ ഫോം ഏഴ് വീട്ടുകാരെ ഏല്‍പ്പിച്ചിരുന്നു. സമാനമായ ഫോം ഏഴ് മധുരയിലും കൊള്ള നടത്തിയ ശേഷം വീട്ടുകാരെ ഏല്‍പ്പിച്ച ശേഷമാണ് അക്രമിസംഘം സ്ഥലം വിട്ടത്.
മധുരയില്‍ ഒരു മാസം മുമ്പാണ് ഇത്തരത്തില്‍ കൊള്ള നടന്നത്. മധുര പോലീസ് ഇത് സംബന്ധിച്ച് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്. മധുര എസ്ഐ ആനന്ദിന്റെ നേതൃത്വത്തിലാണ് ഈ കേസിന്റെ അന്വേഷണം നടക്കുന്നത്. ഇതിനിടയിലാണ് തലശേരിയിലും സമാന സംഭവം റിപ്പോര്‍ട്ട് ചെയ്തത്. മധുര പോലീസ് തലശേരി പോലീസുമായി ഇരുകേസുകള് സംബന്ധിച്ചും ചര്‍ച്ച നടത്തി.
ആദായ വകുപ്പിന്റെ റെയ്ഡ് നടന്ന വീടുകളിലാണ് രണ്ട് സ്ഥലത്തും കൊള്ളസംഘം എത്തിയത്. ഏതാനും മാസം മുമ്പാണ് മജീദിന്റെ സെയ്ദാര്പള്ളിയിലെ വീട്ടിലും സ്ഥാപനങ്ങളിലും റെയ്ഡ് നടന്നത്.
മധുരയിലെ കൊള്ള സംഘമെത്തിയ വീട്ടിലും ആദായ നികുതി വകുപ്പ് നേരത്തെ റെയ്ഡ് നടത്തിയിരുന്നു. തലശേരിയിലെത്തിയ സംഘത്തിലെ തമിഴ് കലര്‍ന്ന മലയാളം സംസാരിക്കുന്ന ആളുടെ രേഖാ ചിത്രം പോലീസ് തയാറാക്കിയിരുന്നു. ഈ ചിത്രത്തിന് സമാനമായ ആള് മധുര ഓപ്പറേഷനിലും പങ്കെടുത്തതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. തലശേരി പോലീസ് കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി മധുരയിലേക്ക് പോകും.
ഒരു വര്‍ഷം മുമ്പ് പെരുമ്പാവൂരിലും സമാനമായ സംഭവം നടന്നിരുന്നു. പെരുമ്പാവൂര്‍ കേസില്‍ തലശേരി, കൂത്തുപറമ്പ് മേഖലകളിലുള്ളവര്‍ പ്രതികളാകുകയും ചെയ്തിരുന്നു. ഈ സംഘത്തിന് ഐ.ടി വിദഗ്ധയായ പെണ്‍കുട്ടിയുടെ സേവനവും ലഭിച്ചിരുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു.മജീദിന്റെ വീട്ടിലെത്തിയ സംഘത്തിലെ മറ്റ് നാല് പേരുടെ രേഖാ ചിത്രം കൂടി തയാറാക്കാനുള്ള നീക്കിത്തിലാണ് പോലീസ്.
സംഘമെത്തിയ ഇന്ത്യാ ഗവൺമെന്റ് ബോര്‍ഡ് വെച്ച ഗ്രേ കളര്‍ ഇന്നോവ കാര്‍ ഇനിയും കണ്ടെത്താന്‍ പോലീസിന് സാധിച്ചിട്ടില്ല. വാഹനം കണ്ടെത്താനുള്ള ഊര്‍ജിത ശ്രമത്തിലാണ് പോലീസ്. കഴിഞ്ഞ 20 ന് പുലര്‍ച്ചെ 3.30 നാണ് പോലീസ് വേഷത്തിലുള്ള ഒരാള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ പ്രമുഖ മത്സ്യ മൊത്തവിതരണ ഗ്രൂപ്പായ പി.പി.എമ്മിന്റെ ഉടമ പി.പി.എം. മജീദിന്റെ സെയ്ദാര്‍ പള്ളിയിലെ വീട്ടില്‍ എത്തിയത്. വീട്ടില്‍ പരിശോധന നടത്തിയ സംഘം 26,000 രൂപയും കവര്‍ന്നാണ് സ്ഥലം വിട്ടത്. എഎസ് പി ചൈത്ര തെരേസ ജോണ്‍, സിഐ എം.പി ആസാദ്, എസ്ഐ എം. അനില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.