പന്തളം: ശബരിമല സത്രീപ്രവേശനം അനുവദിക്കില്ലെന്ന പ്രഖ്യാപനവുമായി പന്തളത്ത് നടന്ന നാമജപ ഘോഷയാത്രയിൽ പങ്കെടുത്തത് 20,000ഓളം പേർ. ശബരിമലയുടെ മൂലസ്ഥാനമായ പന്തളത്ത് ഭക്തജനങ്ങളുടെ കടുത്ത പ്രതിഷേധം ചരിത്രമായി.
എല്ലാ വർഷവും മകരവിളക്കുത്സവ കാലത്ത് തിരുവാഭരണ ഘോഷയാത്രാ ദിനത്തിലാണ് വലിയ ഒരു ജനസഞ്ചയം പന്തളത്ത് ദൃശ്യമാവുക. അന്നത്തേക്കാൾ വലിയ ജനപങ്കാളിത്തമാണ് ഇന്നലെ നാമജപഘോഷയാത്രയിൽ കാണപ്പെട്ടത്.
പന്തളം കൊട്ടാരത്തിന്റെയും വിവിധ ഹൈന്ദവ സംഘടനകളുടെയും നേതൃത്വത്തിലാണ് ഘോഷയാത്ര നടന്നത്. വൈകുന്നേരം അഞ്ചോടെ മെഡിക്കൽ മിഷൻ കവലയിൽ നിന്നായിരുന്നു തുടക്കം. തുടർന്ന് വാദ്യമേളങ്ങളുടെയും ശരണം വിളികളുടെയും അകന്പടിയോടെയായിരുന്നു ഘോഷയാത്ര.
വലിയ ജനത്തിരക്ക് കണക്കിലെടുത്ത് എം സി റോഡിലെ ഗതാഗതം തുന്പമണ്‍ കുരന്പാല വഴി തിരിച്ചു വിട്ടിരുന്നു. റോഡ് നിറഞ്ഞെത്തിയ ഘോഷയാത്ര കാണാൻ റോഡിനിരുവശങ്ങളിലും നൂറുകണക്കിനാളുകൾ കാത്തു നിന്നിരുന്നു.
വലിയകോയിക്കൽ ക്ഷേത്രത്തിന് സമീപം പടിഞ്ഞാറെ നടയിലെ വേദിയിൽ ഘോഷയാത്രയുടെ മുൻനിരയെത്തിയപ്പോഴും പിൻനിര മെഡിക്കൽ കവലയിൽ നിന്ന് പുറപ്പെട്ടിരുന്നില്ല. ഡിവൈഎസ്പിമാരായ ആർ.ജോസ്, എസ്.അനിൽദാസ് എന്നിവരുടെ നേതൃത്വത്തിൽ നൂറുകണക്കിന് പോലീസുകാരെ സുരക്ഷയ്ക്കായി വിന്യസിച്ചിരുന്നു.
സുപ്രീം കോടതിയെ വെല്ലുവിളിക്കാനില്ലെന്നും എന്നാൽ ആചാരങ്ങൾ സംരക്ഷിക്കാൻ ഭക്തർ പ്രതിജ്ഞാബദ്ധമാണെന്നും സ്വാമിനി ജ്ഞാനാഭിനിഷ്ഠ പറഞ്ഞു. അയ്യപ്പധർമ സംരക്ഷണ ദിനത്തോടനുബന്ധിച്ച് പന്തളത്ത് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ഭരണഘടന നിലവിൽ വരുന്നതിനും മുന്‍പേ നിലനിന്നിരുന്ന ആചാരാനുഷ്ഠാനങ്ങൾ മാറ്റിമറിക്കാനുള്ള നീക്കങ്ങൾ അപലപനീയമാണെന്നും അവർ പറഞ്ഞു.
പന്തളം കൊട്ടാരം നിർവാഹക സംഘം പ്രസിഡൻറ് പി.ജി.ശശികുമാര വർമ അധ്യക്ഷത വഹിച്ചു. സ്ത്രീ പ്രവേശന വിഷയത്തിൽ ഇനിയും നിയമപരമായ പരിഹാരത്തിനായി ശ്രമങ്ങൾ തുടരുമെന്നും അനുകൂല വിധി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. പി.സി.ജോർജ് എംഎൽഎ, മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ, അക്കീരമണ്‍ കാളിദാസഭട്ടതിരിപ്പാട്, രാഹുൽ ഈശ്വർ, ചലച്ചിത്ര നടൻ ദേവൻ, ശിൽപനായർ തുടങ്ങിയ പ്രമുഖർ പ്രസംഗിച്ചു.