സിജോ പൈനാടത്ത്
കൊച്ചി: ഭീകരുടെ തടങ്കലില്‍ നിന്നു മോചിതനായി സലേഷ്യന്‍ വൈദികന് ഫാ. ടോം ഉഴുന്നാലില്‍ ജന്മനാട്ടില് മടങ്ങിയെത്തിയിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായി. ചികിത്സയും വിശ്രമവും രാജ്യത്തിനകത്തും പുറത്തുമുള്ള സന്ദര്‍ശന പരിപാടികളിലുമായിരുന്ന ഫാ. ഉഴുന്നാലില്‍ അടുത്ത മേയില്‍ പുതിയ ശുശ്രൂഷയിലേക്കു പ്രവേശിക്കും. ഇന്ത്യയിലെ സലേഷ്യന്‍ സ്ഥാപനങ്ങളിലൊന്നാകും ഇനി ഫാ. ഉഴുന്നാലിലിന്റെ പ്രവര്‍ത്തനമേഖല.
യമനില്‍ സേവനം ചെയ്തുവന്ന ഫാ. ടോം ഉഴുന്നാലിലിനെ 2016 മാര്‍ച്ച് നാലിനാണു ഭീകരര്‍ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കിയത്. മിഷണറീസ് ഓഫ് ചാരിറ്റി സന്യാസിനിമാരുടെ വൃദ്ധസദനത്തില്‍ നടന്ന ഭീകരരുടെ ആക്രമണത്തെത്തുടര്‍ന്നാണു ഫാ. ഉഴുന്നാലിലിനെ കൊണ്ടുപോയത്. ആക്രമണത്തില്‍ സന്യാസിനിമാര്‍ ഉള്‍പ്പടെ 16 പേര് കൊല്ലപ്പെട്ടു.
557 ദിവസമാണു ഫാ. ഉഴുന്നാലില്‍ ഭീകരരുടെ തടവില്‍ കഴിഞ്ഞത്.
ബന്ദിയാക്കിയത് ആരെന്നോ എന്തിനെന്നോ എവിടെയെന്നോ വ്യക്തതയില്ലായിരുന്നു. രണ്ടു തവണ അവശനിലയിലായ ഫാ. ഉഴുന്നാലിലിന്റെ ദൃശ്യങ്ങളടങ്ങിയ വീഡിയോ പുറത്തുവന്നത് ആശങ്ക വര്‍ധിപ്പിച്ചു. 2016 ജൂലൈ 19നും 2017 മേയ് ഒമ്പതിനുമാണു വീഡിയോകള്‍ പുറത്തുവന്നത്.
വത്തിക്കാനും ഭാരതസഭയും ഫാ. ഉഴുന്നാലിലിന്റെ മോചനത്തിനായി പല തലങ്ങളില്‍ ശ്രമങ്ങള്‍ നടത്തിവന്നു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തുനിന്നും ശ്രമങ്ങളുണ്ടായി. ഫാ. ടോം സുരക്ഷിതനാണെന്നു 2017 ജൂലൈ 11നു യമെന് ഉപപ്രധാനമന്ത്രിയുടെ അറിയിപ്പ് പ്രതീക്ഷ നല്കി. തുടര്‍ന്ന് സെപ്റ്റംബര്‍ 12നു യെമനിലെ ഏദനില്‍ നിന്ന് ഫാ. ഉഴുന്നാലിനെ മോചിപ്പിച്ചു.
ആദ്യം റോമിലെത്തി മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തിയശേഷമാണു ഭാരത്തിലേക്കെത്തിയത്. ഡല്‍ഹിവഴി സെപ്റ്റംബര്‍ 28നു ബംഗളൂരുവിലെ സലേഷ്യന്‍ പ്രൊവിന്‍ഷ്യല്‍ ഹൗസിലേക്കെത്തി. ഒക്ടോബര്‍ ഒന്നിനാണു ജന്മനാട്ടില് കാലു കുത്തിയത്.
ഒന്നര വര്‍ഷം തടവറയിലനുഭവിച്ച ദുരിതജീവിതത്തിന്റെയും തുടര്‍ന്നുള്ള അതിജീവനത്തിന്റെയും കഥകള്‍ രാജ്യത്തിനകത്തും പുറത്തും പങ്കുവച്ച ഫാ. ഉഴുന്നാലില്‍ പ്രേഷിതവഴികളില്‍ കൂടുതല്‍ സജീവമാകുന്നതിനുള്ള തയാറെടുപ്പിലാണ്. ഇതിനിടയില്‍ ബൈ ദി ഗ്രേസ് ഓഫ് ഗോഡ് എന്ന പേരിലുള്ള ആത്മകഥ ഇംഗ്ലീഷിലും മലയാളത്തിലും പ്രസിദ്ധീകരിച്ചു.
സലേഷ്യന്‍ സഭയുടെ കീഴില്‍ കേരളത്തിലോ മറ്റു സ്ഥലങ്ങളിലോ ഉള്ള സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നിലായിരിക്കും ഫാ. ടോം ഉഴുന്നാലിലിന്റെ തുടര്‍ന്നുള്ള പ്രവര്‍ത്തന മേഖലയെന്നു ബംഗളൂരു സലേഷ്യന്‍ പ്രൊവിന്‍സ് അധികൃതര്‍ പറഞ്ഞു. 2019 മേയിലാകും പുതിയ മേഖലയില്‍ ശുശ്രൂഷ ആരംഭിക്കുക.
വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നതിനായി ഇപ്പോള്‍ അമേരിക്കയിലുള്ള ഫാ. ഉഴുന്നാലില്‍ തുടര്‍ന്ന് സ്പെയിനിലും റോമിലും സന്ദര്‍ശനം നടത്തും.