വിഷം കഴിച്ച്, മരണത്തോട് മല്ലിട്ടുകൊണ്ടിരുന്ന ഭാര്യയെ ആശുപത്രിയിലെത്തിക്കാന്‍ ചുമലില്‍ എടുത്തുകൊണ്ട് ഓടുകയല്ലാതെ വേറെ വഴിയുണ്ടായിരുന്നില്ല, ആ പാവത്തിന്. മൂന്ന് കിലോമീറ്റര്‍ അകലെയുള്ള ആശുപ്രതിയിലെത്തിക്കാനുള്ള ഓട്ടമായിരുന്നു അത്.
എന്നാല്‍ ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്നേ, തോളില്‍ കിടക്കുന്ന ഭാര്യ മരിച്ചു എന്ന് ആ ആദിവാസി യുവാവ് അറിഞ്ഞില്ല. തെലങ്കാനയിലെ കുരംഭീം അസീഫാബാദ് ജില്ലയില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. റാത്തോഡ് റാം എന്ന 35കാരനായ കര്‍ഷകനാണ് 30കാരിയായ പുഷ്പലതയെ ചുമലിലേറ്റി ഓടിയത്.
റാം ഭാര്യയെയും ചുമന്നുകൊണ്ട് ആശുപത്രിയിലേക്ക് ഓടുന്ന ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. കനത്ത മഴയെ തുടര്‍ന്നു റാമും ഭാര്യയും നടത്തിയിരുന്ന പരുത്തികൃഷി നശിച്ചു. പാട്ടത്തിനെടുത്ത അഞ്ച് ഏക്കര്‍ സ്ഥലത്തായിരുന്നു കൃഷി. മുടക്കുമുതല്‍ പോലും കൃഷിയില്‍ നിന്നു തിരിച്ചു കിട്ടില്ല എന്ന് മനസിലാക്കിയ ഇവര്‍ മാനസിക സംഘര്‍ഷത്തിലായിരുന്നു എന്ന് സമീപവാസികള്‍ പറയുന്നു.
കഴിഞ്ഞ തിങ്കളാഴ്ച വീണ്ടും കൃഷി സ്ഥലത്ത് വിളകള്‍ പരിശോധിക്കാന്‍ എത്തിയിരുന്നു. റാം വിളകള്‍ നോക്കുന്ന സമയത്ത് അവിടെയുണ്ടായിരുന്ന കുപ്പിയില്‍ നിന്നും കീടനാശിനി എടുത്ത് കുടിക്കുകയായിരുന്നു പുഷ്പലത. പാടത്തേക്ക് അവര്‍ മറിഞ്ഞുവീഴുകയും ചെയ്തു.
ഉടന്‍തന്നെ റാം പുഷ്പലതയെയും എടുത്ത് സമീപത്തുള്ള ആശുപത്രിയിലേക്ക് ഓടുകയായിരുന്നു. വാഹനം കിട്ടുന്ന ഏറ്റവും അടുത്ത വഴിയിലേയ്ക്ക് എത്താന്‍ റാമിന് ഒരു പുഴമുറിച്ചു കടന്നു മൂന്നു കിലോമീറ്റര്‍ കൂടി കാല്‍നടയായി പോകേണ്ടിയിരുന്നു. മൂന്നു കിലോമീറ്ററിലധികം പിന്നിട്ടപ്പോള്‍ റാമിന് ഒരു ഓട്ടോ കിട്ടി. പക്ഷേ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും അവര്‍ വിട പറഞ്ഞിരുന്നു, കടബാധ്യതകള്‍ ഇല്ലാത്ത ലോകത്തേയ്ക്ക്.