ആലപ്പുഴ: കാലവർഷക്കെടുതിയും പ്രളയവും മൂലം ജില്ലയിൽ തകർന്ന വീടുകളുടെ കണക്കെടുപ്പ് പൂർത്തിയായി. ഇത്തവണത്തെ മണ്സൂണ് ആരംഭിച്ച കഴിഞ്ഞ മേയ് 29 മുതൽ സെപ്റ്റംബർ 28 വരെയുള്ള കാലയളവിൽ ജില്ലയിൽ നാശനഷ്ടം സംഭവിച്ച വീടുകളുടെ കണക്കെടുപ്പാണ് റവന്യു വകുപ്പ് നേതൃത്വത്തിൽ പൂർത്തീകരിച്ചത്.
2126 വീടുകളാണ് ജില്ലയിൽ കനത്ത മഴയിലും പ്രളയത്തിലും പൂർണമായും തകർന്നത്. 20297 വീടുകൾ ഭാഗീകമായും നശിച്ചു. 80.75 കോടിയുടെ നഷ്ടമാണ് വീടുകൾ പൂർണമായും തകർന്നതിലുടെ ഉണ്ടായതായി കണക്കാക്കിയിരിക്കുന്നത്. 38.72 കോടിയുടെ നഷ്ടം വീടുകൾ ഭാഗീകമായി തകർന്നതിലൂടെയും ഉണ്ടായിട്ടുണ്ട്. ചെങ്ങന്നൂർ താലൂക്കിലാണ് ഏറ്റവും കൂടുതൽ വീടുകൾ പൂർണമായും നശിച്ചത്.
1906 വീടുകളാണിവിടെ പൂർണമായും തകർന്നത്. 8121 വീടുകൾ ഭാഗീകമായും തകർന്നിട്ടുണ്ട്. പ്രളയം കൂടുതൽ ദുരിതം വിതച്ച കുട്ടനാട് താലൂക്കിൽ 10366 വീടുകൾ ഭാഗീകമായി തകർന്നു. 157 വീടുകൾ വാസയോഗ്യമല്ലാത്ത തരത്തിൽ പൂർണമായും നശിച്ചു. അന്പലപ്പുഴ താലൂക്കിൽ 254 വീടുകൾ ഭാഗീകമായും 20 വീടുകൾ പൂർണമായും തകർന്നു. ചേർത്തല താലൂക്കിൽ 224 വീടുകളാണ് ഭാഗീകമായി തകർന്നത്. രണ്ടെണ്ണം പൂർണമായും തകർന്നു.
കാർത്തികപ്പള്ളി താലൂക്കിൽ 1261 വീടുകൾക്ക് ഭാഗീക നാശനഷ്ടമുണ്ടായപ്പോൾ 39 വീടുകൾ പൂർണമായും നശിച്ചു. മാവേലിക്കരയിൽ 71 വീടുകൾ ഭാഗീകമായും തകർന്നു. രണ്ടുവീടുകൾ പൂർണമായും നശിച്ചു. ചെങ്ങന്നൂർ താലൂക്കിൽ പ്രവർത്തിക്കുന്ന അഞ്ച് ക്യാന്പുകളിലെ 32 കുടുംബങ്ങൾ വീടുകൾ പൂർണമായി തകർന്നതിനാൽ തിരികെ മടങ്ങാനാകാതെ കഴിയുകയാണ്.
പൂർണമായി തകർന്ന വീടുകൾക്ക് സർക്കാർ നാലുലക്ഷം വീതം ധനസഹായം നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിലെ കണക്കനുസരിച്ച് 85 കോടിയോളം ഇതിന് മാത്രമായി വേണ്ടിവരും. ഭാഗീകമായി തകർന്ന വീടുകൾക്ക് റവന്യു വകുപ്പ് കണക്കാക്കിയ നഷ്ടത്തിന്റെ അനുപാതത്തിലാണ് ധനസഹായം ലഭ്യമാക്കുന്നത്. പൂർണമായും വീടുകൾ തകർന്ന കുടുംബങ്ങൾക്ക് അടിയന്തരമായി ധനസഹായം ലഭ്യമാക്കാനുള്ള നടപടികൾ വേണമെന്ന ആവശ്യവും വിവിധ കോണുകളിൽ നിന്നുമുയരുന്നുണ്ട്.