ചങ്ങനാശേരി: പ്രളയംനേരിട്ട് ദുരിതക്കയത്തിലായ കുട്ടനാട്ടുകാർക്ക് കെഎസ്ആർടിസിയുടെ ഇരുട്ടടി. കെഎസ്ആർടിസിയെ മാത്രം ആശ്രയിക്കുന്ന കുട്ടനാട്ടിലേക്കുള്ള യാത്രാക്ലേശം രൂക്ഷമായി. ഈ ഡിപ്പോയിൽ നിന്നും ഓപ്പറേറ്റ് ചെയ്യുന്ന 65 ഷെഡ്യൂളുകളിൽ 45ഷെഡ്യൂളുകളും കുട്ടനാട്, ആലപ്പുഴ സെക്ടറുകളിലേക്കുള്ളതാണ്.
കെഎസ്ആർടിസിഎംഡി ടോമിൻ തച്ചൻകരിയുടെ നാടായ ചങ്ങനാശേരിയിലും ഡ്യൂട്ടി പരിഷ്കരണം ഇരുട്ടടിയായി. വിവിധ കാരണങ്ങളാൽ ഡിപ്പോയിൽ നിന്നു മുപ്പതുശതമാനംവരെ ഷെഡ്യൂളുകൾ ഓടിക്കാൻ കഴിയാത്തതാണ് യാത്രാപ്രതിസന്ധി രൂക്ഷമാക്കിയത്.
ഉച്ചകഴിഞ്ഞുള്ള സമയങ്ങളിലാണ് കുട്ടനാടിന്റെ വിവിധ മേഖലകളിലേക്ക് സർവീസുകൾ വെട്ടിക്കുറക്കുന്നത്. വെളിയനാട്, കാവാലം, ചതുർഥ്യാകരി, എടത്വ, ചന്പക്കുളം, മുട്ടാർ റൂട്ടുകളിലാണ് യാത്രാക്ലേശം രൂക്ഷമായിരിക്കുന്നത്. ഇരുപത് മിനിറ്റ് ഇടവിട്ട് നടത്തിയിരുന്ന പല സർവീസുകളും ഇപ്പോൾ ഒരുമണിക്കൂർ ഇടവിട്ടാണ് നടത്തുന്നത്.
ബസുകൾ വൈകുന്നതിനെ ചൊല്ലി പെരുന്ന ബസ് സ്റ്റാൻഡിൽ യാത്രക്കാരും കെഎസ്ആർടിസി ജീവനക്കാരും തമ്മിൽ തർക്കം പതിവാണ്. സർവീസുകളുടെ എണ്ണം കുറഞ്ഞതുമൂലം ബസുകളിൽ തിരക്കും രൂക്ഷമാണ്. പെരുന്നയിലെ കെഎസ്ആർടിസി എൻക്വയറി വിഭാഗത്തിൽ പലപ്പോഴും ജീവനക്കാരില്ലാത്തതും കുട്ടനാട് മേഖലയിലേക്കുള്ള യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.
പ്രളയകാലത്ത് ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തിയിരുന്ന ഭൂരിപക്ഷം ഓർഡിനറി ബസുകളും അറ്റകുറ്റ പണികൾ നേരിട്ടതുമൂലം പലപ്പോഴും യാത്രക്കിടയിൽ ബ്രേക്ക്ഡൗണാകുകയാണ്. സ്പെയർപാർട്സുകളുടെ ക്ഷാമം ബസുകളുടെ അറ്റകുറ്റപ്പണിയെ ബാധിച്ചിരിക്കുയാണ്.