കോഴിക്കോട്: ബിയര്‍ ഉല്പാദനശാലയ്ക്ക് ഭൂമി നല്‍കിയതുമായി ബന്ധപ്പെട്ട് ജുഡീഷ്യല്‍ അന്വേഷണം നടത്തുക, മന്ത്രി ടി.പി.രാമകൃഷ്ണന് രാജിവയ്ക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എക്സൈസ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം.
എരഞ്ഞിപ്പാലത്തുനിന്നും 11.45-ന് ആരംഭിച്ചമാര്ച്ച് സിവില്സ്റ്റേഷന് രണ്ടാം ഗേറ്റിന് സമീപത്ത് വച്ച് പോലീസ് തടഞ്ഞു. ബാരിക്കേഡുകള്‍ തള്ളിമാറ്റാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കുനേരെ പോലീസ് ഇരട്ടജലപീരങ്കി ഉപയോഗിച്ചു. പോലീസിന് നേരെ ഒരുവിഭാഗം പ്രവര്‍ത്തകര്‍ കല്ലേറ് നടത്തി.
അറുപതോളം വരുന്ന പ്രവര്‍ത്തകരാണ് മാര്‍ച്ച് നടത്തിയത്. കെപിസിസി ജനറല്‍ സെക്രട്ടറി എന്‍.സുബ്രമഹ്ണ്യന്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ്. ജോ. സെക്രട്ടറി ആദം മുന്‍സി, യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് പാര്‍ലമെന്റ് കമ്മിറ്റി പ്രസിഡന്റ് ജെയ്സണ്‍ അത്തോളി, സെക്രട്ടിറമാരായ സി.വി. ജിതേഷ്, എം.ധനീഷ് ലാല്‍, ആര്.സഫിന്, എന്നിവര്‍ പ്രസംഗിച്ചു.