കണ്ണൂർ: ഹിന്ദുക്കൾക്ക് ശബരിമലയിൽ പോകുന്നതിനു മാത്രമാണോ പിണറായി സർക്കാരിന്റെ ലിംഗ നീതിയെന്ന് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ. ബിജെപി കണ്ണൂർ ജില്ലാ നേതൃയോഗം വീറ്റ് ഹൗസിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ലിംഗനീതി എല്ലാ മതവിഭാഗങ്ങളിലും നടപ്പിലാക്കാൻ പിണറായിക്ക് ആർജവമുണ്ടോ. അങ്ങനെയെങ്കിൽ മുസ്ലിംപള്ളികളിൽ സ്ത്രീകൾക്ക് പള്ളി പ്രവേശനം അനുവദിക്കാൻ നിലപാടെടുക്കണം. അല്ലാതെ അക്കാര്യത്തിൽ മുഖംതിരിച്ചുനിൽക്കുകയല്ല വേണ്ടത്.
പ്രാകൃതമായ മുത്തലാഖിന്റെ കാര്യത്തിൽ ആ വിധിക്കെതിരേ പരസ്യമായി രംഗത്തുവന്നവരാണ് ഇവിടുത്തെ സിപിഎമ്മുകാർ. ശബരിമല പ്രവേശനത്തിൽ സുപ്രീംകോടതിവിധി നാടിനെ വലിയ സംഘർഷത്തിലേക്കു തള്ളിവിടുകയാണ്. ബ്രൂവറി അഴിമതിക്ക് മുഖ്യമന്ത്രി കാർമികത്വം വഹിക്കുകയാണ്.അദ്ദേഹം നേരിട്ടാണ് ഇക്കാര്യത്തിൽ ഇടപെട്ടത്.
യുഡിഎഫ് സർക്കാർ നടത്തിയതിനെക്കാൾ വലിയ അഴിമതിയാണ് നടന്നിട്ടുള്ളത്. മദ്യമുതലാളിമാരിൽ നിന്നും പണം വാങ്ങി അവരുടെ താല്പര്യം അനുസരിച്ച് ചട്ടലംഘനം നടത്തിയാണ് ഇതിന് അനുമതി നൽകിയതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് പി. സത്യപ്രകാശ് അധ്യക്ഷത വഹിച്ചു. ചേറ്റൂർ ബാലകൃഷ്ണൻ, കെ.കെ. വിനോദ്കുമാർ, കെ.പി. പദ്മിനി, കെ. രഞ്ജിത്ത് എന്നിവർ പ്രസംഗിച്ചു.