തൊടുപുഴ: നഗരത്തിനു സമീപത്തെ സ്വകാര്യ ആശുപത്രിയിലെ പ്രസവ മുറിയിൽ പർദ ധരിച്ച് അതിക്രമിച്ചു കയറിയ കേസിൽ പ്രതിയായ സിവിൽ പോലീസ് ഓഫീസർ കീഴടങ്ങി.കുളമാവ് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ കുന്പംകല്ല് മാളിയേക്കൽ നൂർ സമീറാ (47)ണ് തൊടുപുഴ പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
നൂർ സമീറിനെ വകുപ്പുതല അന്വേഷണം നടത്തി ജില്ലാ പോലീസ് മേധാവി കഴിഞ്ഞ ദിവസം സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. വെള്ളിയാഴ്ച രാത്രി എട്ടോടെയായിരുന്നു പെട്ടി ഓട്ടോയിലെത്തിയ പോലീസുകാരൻ പർദ ധരിച്ച് ആശുപത്രിയിൽ സ്ത്രീകൾ മാത്രം തങ്ങുന്ന മുറിയിൽ കയറിയത്.
രോഗികളുടെ കൂട്ടിരിപ്പുകാരും സെക്യൂരിറ്റി ജീവനക്കാരും തടയാൻ ശ്രമിച്ചെങ്കിലും ഇയാൾ ഓടി രക്ഷപെടുകയായിരുന്നു. ആൾമാറാട്ടത്തിനാണ് പോലീസ് കേസെടുത്തിരുന്നത്. എന്നാൽ ആശുപത്രിയിൽ എന്തിനാണ് പർദ്ദ ധരിച്ചു കയറിയതെന്ന് നൂർസമീർ പോലീസിനോടു വെളിപ്പെടുത്തിയിട്ടില്ല.
നേരത്തെ കഞ്ചാവ് മാഫിയയുടെ പക്കൽ നിന്നും കൈക്കൂലി വാങ്ങിയ കേസിൽ സസ്പെൻഷനിലായിരുന്ന നൂർ സമീർ നടപടി പിൻവലിച്ചതിനെ തുടർന്ന് അടുത്ത നാളിലാണ് സർവീസിൽ തിരികെ പ്രവേശിച്ചത്. സംഭവത്തിൽ ഇയാൾക്കൊപ്പം ഉണ്ടായിരുന്ന കുന്പംകല്ല് സ്വദേശി ബിലാൽ ഒളിവിലാണ്. ഇതിനിടെ സംഭവവുമായി ബന്ധപ്പെട്ട് മൊഴി നൽകാനെത്തിയയാളെ പോലീസ് മർദ്ദിച്ചതായി പരാതി ഉയർന്നു.
ഇടവെട്ടി കൊച്ചുകോയിക്കൽ സക്കീർ (38) ആണ് പോലീസ് മർദ്ദിച്ചെന്നാരോപിച്ച് ജില്ലാ ആശുപത്രിയിൽ ചികിൽസ തേടിയത്. സംഭവദിവസം ഇയാളുടെ ഭാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ആശുപത്രിയിൽ പർദ്ദ ധരിച്ച് കയറിയത് പുരുഷനാണെന്ന് സക്കീറായിരുന്നു ആദ്യം തിരിച്ചറിഞ്ഞത്. ഇയാളാണ് സെക്യൂരിറ്റി ജീവനക്കാരെ അറിയിച്ചത്.