റാന്നി: പുലിയുടേതെന്നു സംശയിക്കുന്ന കാൽപ്പാടുകൾ കണ്ടെത്തിയ റാന്നിയിലെ വിവിധ പ്രദേശങ്ങളിൽ പകലും രാത്രിയും ഭീതിയോടെ ജനം. കാട്ടുപൂച്ചയോ പുലിയോ എന്ന തറപ്പിച്ചു പറയാൻ വനം വകുപ്പിനും കഴിയുന്നില്ല. എന്നാൽ ജനത്തിന്റെ ഭീതിയകറ്റാൻ വനംവകുപ്പ് ഈ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് നിരീക്ഷണ കാമറകൾ സ്ഥാപിക്കും.
തേക്കടിയിൽ നിന്നും കൊണ്ടുവരുന്ന പ്രത്യേകതരം സിസിടിവി കാമറകൾ വനത്തിനുള്ളിൽ വന്യജീവികളെ നിരീക്ഷിക്കുന്നതിനുള്ളവയാണ്. ആദ്യഘട്ടമായി പുലിയോടു സാദൃശ്യമായ ജീവിയെ കണ്ടതായി പറയുന്ന ഐത്തല ഭാഗത്തും മുണ്ടപ്പുഴയിലുമായിരിക്കും കാമറകൾ സ്ഥാപിക്കുക.
ഈ പ്രദേശങ്ങളിലാണ് സംശയകരമായ സാഹചര്യത്തിൽ പുലിയോടു സാദൃശ്യമുള്ള ജീവിയെ നാട്ടുകാരിൽ ചിലർ കണ്ടതും മണ്ണിൽ നദീതിരത്തും വരെ അതിന്റെ കാൽപ്പാടുകൾ കണ്ടെത്തിയതും. തുടർന്ന് കൂടുകൾ സ്ഥാപിച്ചിരുന്നു.ഐത്തല സർവീസ് സ്റ്റേഷൻ ഭാഗം, മുണ്ടപ്പുഴ താലൂക്ക് ആശുപത്രിക്ക് സമീപം, റാന്നി സെന്റ് കോളജിനു സമീപം പൂവത്തുകുന്ന് എന്നിവിടങ്ങളാണ് ജീവിയെ കണ്ടതായി പറയുന്നത്.
വനം വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയെങ്കിലും പുലിയില്ലെന്നാണ് അവർ പറഞ്ഞിരുന്നത്. അതേസമയം കുറിയന്നൂരിൽ കഴിഞ്ഞദിവസം സ്വകാര്യവ്യക്തിയുടെ വീട്ടിലെ കോഴിക്കൂട്ടിൽ കാട്ടുപൂച്ച കുടുങ്ങി. കോഴിയെ പിടിക്കാൻ കയറിയ കാട്ടുപൂച്ച കുട്ടിലകപ്പെടുകയായിരുന്നു.
പിന്നീട് റാന്നിയിലെ വനപാലകരെ വിവരമറിയിച്ചു. അവരെത്തി കാട്ടപൂച്ചയെ കൂട്ടിലാക്കി റാന്നിയിലേക്കു കൊണ്ടുവന്നു. റാന്നിയിൽ ആളുകളെ ഭയപ്പെടുത്തിയതും ഇവനാണോയെന്ന് സംശയവുമുയുരുന്നുണ്ട്.