പന്തളം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ഭക്തർക്കൊപ്പമാണ് കോൺഗ്രസെന്ന് പ്രതിപക്ഷേ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തിൽ പുനഃപരിശോധന ഹർജി നൽകുന്ന കാര്യത്തിൽ ഇന്നു തീരുമാനമുണ്ടാകും. നിലനിൽക്കേണ്ട ദേവസ്വം ബോർഡ് മുഖ്യമന്ത്രിയെ ഭയന്നു സിപിഎം നിലപാടിനൊപ്പമാണെന്ന് പ്രതിപക്ഷേ നേതാവ് പറഞ്ഞു.
സിപിഎം നിലപാട് ഭക്തരിൽ അടിച്ചേല്പിക്കാനാണ് സർക്കാരും ദേവസ്വം ബോർഡും ശ്രമിക്കുന്നത്. പുനഃപരിശോധന ഹർജി നൽകാമെന്ന നിലപാടിൽ നിന്നു ദേവസ്വം ബോർഡ് പ്രസിഡന്റ് പിൻമാറിയത് മുഖ്യമന്ത്രി കണ്ണുരുട്ടിയതോടെയാണ്. സിപിഎമ്മിനും ആർഎസ്എസിനും വിഷയത്തിൽ ഒരേ നിലപാടാണെന്നും ചെന്നിത്തല പറഞ്ഞു.
ഏക സിവിൽ കോഡ് എന്ന ആർ എസ്എസ് നിലപാടാണ് ഫലത്തിൽ സിപിഎമ്മിനെന്നും അദ്ദേഹം പറഞ്ഞു. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമാരെക്കൂടി ഉൾപ്പെടുത്തി കോൺഗ്രസ് നേതാക്കൾ ഇന്നു രാവിലെ 11നു പ്രത്യേക യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. കൊച്ചി, മലബാർ ദേവസ്വം ബോർഡ് മുൻ പ്രതിനിധികളും പങ്കെടുക്കും.
കെപിസിസി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ തുടങ്ങിയവരുമായി ഇക്കാര്യത്തിൽ ആശയവിനിമയം നടത്തി. സ്ത്രീപ്രവേശന വിഷയത്തിൽ യുഡിഎഫിന് അന്നുമിന്നും ഒരേ നിലപാടാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
ആചാരാനുഷ്ഠാനങ്ങൾ ലംഘിച്ച് ശബരിമലയിൽ പത്തിനും 50നുമിടയിലുള്ള സ്ത്രീകളെ പ്രവേശിപ്പിക്കുന്നത് തെറ്റാണ്. യുഡിഎഫ് സർക്കാർ നല്കിയ സത്യവാങ്മൂലം എൽഡിഎഫ് സർക്കാരാണ് തിരുത്തിയത്. സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് പത്തനംതിട്ട ഡിസിസിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച പത്തനംതിട്ടയിൽ ഉപവാസസമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
കൊട്ടാരം നിർവാഹക സംഘം പ്രസിഡന്റ് പി.ജി.ശശികുമാര വർമ, സെക്രട്ടറി പി.എൻ.നാരായണ വർമ എന്നിവരുമായി രമേശ് ചർച്ച നടത്തി. ആന്റോ ആൻറണി എംപി, അടൂർ പ്രകാശ് എം എൽഎ, ഡിസിസി പ്രസിഡന്റ് ബാബു ജോർജ്, മുൻ കെപിസിസി അംഗം പന്തളം പ്രതാപൻ, ബിജു ഫിലിപ്പ്, രഘു പെരുമ്പുളിക്കൽ തുടങ്ങിയവർ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. കൊടിക്കുന്നിൽ സുരേഷ് എംപി, ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ എന്നിവരും നേരത്തെ കൊട്ടാരത്തിലെത്തിയിരുന്നു.