കൊച്ചി: സാലറി ചാലഞ്ചിനും ബ്രൂവറി ചലഞ്ചിനും ശേഷം വിദേശയാത്രാ ചലഞ്ചിന് സർക്കാർ ഒരുങ്ങുകയാണെന്ന് കെ.വി.തോമസ് എംപി.
പ്രളയദുരിതാശ്വാസ ധനസമാഹരണത്തിനുള്ള മന്ത്രിമാരുടെ യാത്ര വിനോദയാത്രയാക്കി മാറ്റുകയാണ്. ഈ മാസം 18 മുതൽ മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥ സംഘവും യുഎഇ, സിംഗപ്പൂർ, മലേഷ്യ, ഓസ്ട്രേലിയ, അമേരിക്ക, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലേക്ക് നടത്തുന്ന യാത്രയ്ക്ക് കോടിക്കണക്കിന് രൂപ ചെലവിടേണ്ടിവരും.
വ്യക്തമായ പദ്ധതികളോ, രൂപരേഖയോ വിദേശത്തുള്ള സംഘടനകളുമായും എംബസികളുമായും കൂടിയാലോചന പോലും നടത്താതെയാണ് യാത്ര നടത്തുന്നത്. സർക്കാരിലേക്ക് നിലവിൽ ലഭിച്ചിട്ടുള്ള സഹായം പ്രളയബാധിതർക്ക് നൽകിയിട്ടില്ല. യാതൊരു ഗൃഹപാഠവും നടത്താതെയുള്ള വിദേശയാത്രയ്ക്ക് പിന്നിൽ രഹസ്യ അജണ്ടയുണ്ട്. മന്ത്രിമാരുടെ യാത്രാചെലവ് അവരവർ തന്നെ വഹിക്കണമെന്നും കെ.വി. തോമസ് ആവശ്യപ്പെട്ടു.