മണ്ണാർക്കാട്: പാലക്കാട്-കോഴിക്കോട് ദേശീയപാത കോടതിപ്പടിയിൽ ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ ജനങ്ങൾ വലഞ്ഞു. ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിനായി കഴിഞ്ഞവർഷം പോലീസ് കോടതിപ്പടി ഭാഗത്ത് ഡിവൈഡറുകൾ സ്ഥാപിച്ചിരുന്നു. നിലവിൽ കാൽനടയാത്രക്കാർക്കു റോഡ് മുറിച്ചു കടക്കുന്നതിനു ഈ ഡിവൈഡറുകൾ തടസമാകുകയാണ്.
ആയിരക്കണക്കിനു വാഹനങ്ങൾ ദിനംപ്രതി കടന്നുപോകുന്നതിനാൽ റോഡ് മുറിച്ചു കടക്കുന്പോൾ അപകടഭീഷണിയും ഏറെയാണ്. പ്രതിഭാ ടാക്കീസ് മുതൽ പിഡബ്ല്യുഡി ഓഫീസ് പരിസരം വരെയാണ് ഇപ്പോൾ ഡിവൈഡറുകൾ സ്ഥാപിച്ചിരിക്കുന്നത്. ഡിവൈഡറുകൾ തകർന്ന ചില ഭാഗങ്ങളിൽ കയർകെട്ടി തിരിച്ചിട്ടുമുണ്ട്.
ചെറിയ വാഹനങ്ങളും ബൈക്കുകളും ഡിവൈഡറുകൾക്ക് ഇടയിലൂടെയും കടന്നുപോകുന്നതും ഭീതിപരത്തുന്നു. നാട്ടുകൽ മുതൽ താണാവുവരെയുള്ള ദേശീയപാത വികസനത്തിനു മാത്രമേ മണ്ണാർക്കാട് നഗരത്തിലെ ഗതാഗതക്കുരുക്ക് പൂർണമായും പരിഹരിക്കാനാകൂ.