കൊല്ലം :അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ട സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ നാളെ മുതല്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ആറിനു ശേഷം മറ്റൊരറിയിപ്പുവരെയാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.
കടല്‍ അതീവപ്രക്ഷുബ്ധമാകും എന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. അറബിക്കടലിന്റെ തെക്കന്‍ തീരം, ലക്ഷദ്വീപ്, കോമാര്, തെക്ക്-കിഴക്കന്‍ തീരങ്ങള്‍ എന്നിവിടങ്ങളില്‍ മത്സ്യബന്ധനം പാടില്ല. തീരമേഖലയൊട്ടാകെയും, തുറമുഖങ്ങള്‍, പ്രദേശത്തെ ആരാധനാലയങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയ്ക്കെല്ലാം ജാഗ്രതാ നിര്‍ദ്ദേശമുണ്ട്.
ജനപ്രതിനിധികളും മത്സ്യബന്ധനവുമായി ബന്ധപ്പെട്ടവരുമെല്ലാം മുന്‍കരുതലെടുക്കണം.ദീര്‍ഘകാലാടിസ്ഥാനത്തില്‍ അറബിക്കടലില്‍ മത്സ്യബന്ധനത്തിന് പോയവര്‍ അഞ്ചിന് മുമ്പ് മടങ്ങിയെത്താനും നിര്‍ദ്ദേശമുണ്ട്. ഇന്നലെ പോയവരും തിരികെയെത്തണം.
കടല്‍ ആംബുലന്‍സുകളും സുരക്ഷാബോട്ടുകളും സജ്ജമാക്കണം. ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടുന്നു എന്ന് ഉറപ്പാക്കേണ്ടത് തീരദേശ പോലീസും മറൈന്‍ എന്‍ഫോഴ്സ്മെന്റുമാണ്. ഇതോടൊപ്പം ജില്ലാതല ഉദ്യോഗസ്ഥരും അടിയന്തര സാഹചര്യം നേരിടാന്‍ തയാറാകാനും നിര്‍ദ്ദേശമുണ്ട്.