താനൂർ: താനൂരിൽ യുവാവിനെ ദുരുഹസാഹചര്യത്തിൽ തലയ്ക്കടിയേറ്റു മരിച്ച നിലയിൽ കാണപ്പെട്ടു. അഞ്ചുടി സ്വദേശി പൗറകത്ത് കമ്മുവിന്റെ മകൻ സവാദി (40)നെയാണ് തയ്യാല ഓമച്ചപ്പുഴ റോഡിലെ വാടക ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. ബുധനാഴ്ച രാത്രി 12ഓടെ ഇളയ മകളുമായി മുൻവശത്തെ വരാന്തയിലാണ് സവാദ് ഉറങ്ങാൻ കിടങ്ങത്. അടച്ചുറപ്പുള്ള വരാന്തയാണിത്.
പുലർച്ചെ രണ്ടയോടെ രക്തത്തിൽ കുളിച്ചു കിടക്കുന്ന നിലയിൽ സവാദിനെ കാണപ്പെടുകയായിരുന്നു. തലയ്ക്കടിയേറ്റിട്ടുണ്ട്. കഴുത്തിനും നെഞ്ചിനുമിടയിൽ ആഴത്തിൽ മുറിവകളും കാണപ്പെട്ടിട്ടുണ്ട്. മരണം കാരണം വ്യക്തമായിട്ടില്ല. ഒരു വർഷം മുന്പാണ് മത്സ്യതൊഴിലാളിയായ സവാദ് ഇവിടെ താമസം ആരംഭിച്ചത്.
ഭാര്യ: സൗജത്ത്. മക്കൾ: സജാദ്, ഷർജ ഷെറി, ഷംസ ഷെറി, സജ്സ ഷെറി. വിവരമറിഞ്ഞു തിരൂർ ഡിവൈഎസ്പി ബിജു ഭാസ്കർ, താനൂർ സിഐ എം.ഐ ഷാജി തുടങ്ങിയവർ സംഭവ സ്ഥലം പരിശോധിച്ചു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. താനൂർ സിഐ ഇൻക്വസ്റ്റ് നടത്തി.