പയ്യന്നൂര്‍: നവജാത ശിശുവിനെ വേണ്ടെന്നും കൊല്ലുമെന്നും അമ്മയുടെ ഭീഷണി. ഇതേത്തുടര്‍ന്ന് ലേബര്‍ റൂമില്‍ ചൈല്‍ഡ് ലൈനിന്റേയും പോലീസിന്റേയും നിരീക്ഷണം. ഒടുവില്‍ ശിശുവിനെ പട്ടുവത്തെ ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലാണ് പ്രസവത്തിനായി പ്രവേശിപ്പിക്കപ്പെട്ട യുവതിയുടെ ഭീഷണിയെ തുടര്‍ന്ന് നാടകീയരംഗങ്ങൾ അരങ്ങേറിയത്. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെയായിരുന്നു സംഭവം.
തൃക്കരിപ്പൂര്‍ സ്വദേശിയായ മുപ്പതുകാരിയെയാണ് പ്രസവവേദനയെ തുടര്‍ന്ന് പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ ഗൈനക്കോളജി വിഭാഗം ഡോക്ടറില്ലാതിരുന്നതിനാലാണ് യുവതിയെ പയ്യന്നൂരിലേക്ക് കൊണ്ടുവന്നത്. ലേബര്‍ റൂമിലേക്ക് കയറ്റുമ്പോള്മുതല് കുട്ടിയെ കൊല്ലുമെന്ന ഭീഷണിയാണ് യുവതിയില്നിന്നുണ്ടായത്.
ഇതേത്തുടര്‍ന്ന് പോലീസും ചൈല്ഡ്ലൈന് പ്രവര്‍ത്തകരും ആശുപത്രിയിലെത്തി. ഓമനത്തമുള്ള പെണ്‍കുഞ്ഞിന് ജന്മം നല്‍കിയിട്ടും കുട്ടിയെ തിരിഞ്ഞുനോക്കാന്‍പോലും യുവതി തയാറായില്ല. ഇതിനിടെ കുട്ടി കരച്ചിൽ തുടങ്ങി. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ ഇടപെടലില്‍ ഒടുവില്‍ യുവതി കുട്ടിക്ക് മുലപ്പാല്‍ നല്‍കിയതോടെയാണ് കുട്ടിയുടെ കരച്ചില് അടങ്ങിയത്.
ശിശുവിനേയും അമ്മയേയും ശിശുക്ഷേമ സമിതിയംഗത്തിന് മുന്നില്‍ ഹാജരാക്കിയപ്പോഴും യുവതി കുട്ടിയെ വേണ്ട എന്ന നിലപാടില്‍ തന്നെയായിരുന്നു. ഒടുവില്‍ യുവതിയില്‍ നിന്നു സമ്മതപത്രം എഴുതി വാങ്ങി. രാത്രിയോടെ ശിശുവിനെ പട്ടുവത്തെ ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. മൂന്ന് വയസുള്ള കുട്ടിയുടെ അമ്മയായ യുവതി മൂന്ന് വര്‍ഷത്തോളമായി ഭര്‍ത്താവില്‍ നിന്ന് അകന്നാണ് കഴിയുന്നത്.