കൊച്ചി: ഐഎസ്എൽ അഞ്ചാം സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ആദ്യ ഹോം മത്സരത്തിന് ഇന്നിറങ്ങും. മുംബൈ സിറ്റി എഫ്സിയുമായാണ് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് കൊന്പുകോർക്കുന്നത്. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് കിക്കോഫ്. ഉദ്ഘാടന മത്സരത്തിൽ എടികെ അവരുടെ തട്ടകത്തിൽ പോയി തകർത്തതിന്റെ ആത്മവിശ്വാസവുമായാണ് ബ്ലാസ്റ്റേഴ്സ് ഇന്ന് സ്വന്തം നാട്ടിൽ അങ്കത്തിനിറങ്ങുന്നത്.
പ്രളയത്തിൽ കേരളം നടുങ്ങിയപ്പോൾ, രക്ഷാപ്രവർത്തനം നടത്തിയ മത്സ്യത്തൊഴിലാളികൾക്ക് ആദരമർപ്പിച്ച് പ്രത്യേക ജഴ്സിയുമണിഞ്ഞായിരിക്കും ടീം കളിക്കാനിറങ്ങുക. ജഴ്സിയുടെ മുൻവശത്ത് മത്സ്യത്തൊഴിലാളികളുടേയും ഹെലികോപ്റ്ററിൽ രക്ഷാപ്രവർത്തനം നടത്തിയ സൈന്യത്തേയും പ്രതിനിധീകരിക്കുന്ന ചിത്രങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
എടികെയെ രണ്ടു ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്സ് ഉദ്ഘാടന മത്സരത്തിൽ പരാജയപ്പെടുത്തിയത്. സ്ലാവിസ് സ്റ്റൊയനോവിച്ചും മാറ്റെജ് പോപ്ലാട്നിക്കുമാണ് ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടിയത്. അതേസമയം സ്വന്തം തട്ടകത്തിൽ ജംഷഡ്പൂർ എഫ്സിയോട് 2-0ന് തോറ്റാണ് മുംബൈ സിറ്റി എഫ്സി ബ്ലാസ്റ്റേഴ്സിനെ നേരിടാൻ കൊച്ചിയിലെത്തിയിരിക്കുന്നത്.
ഡേവിഡ് ജയിംസിന്റെ പരിശീലനത്തിൽ യുവത്വം നിറഞ്ഞ ടീമാണ് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തം മൈതാനത്ത് ഇക്കുറി പോരിനിറക്കുന്നത്. മൂന്നുപേർ മാത്രമാണ് 30 കടന്നവർ. സെർബിയൻ-സ്ലൊവേനിയൻ സ്ട്രൈക്കർമാരായ സ്റ്റൊയനോവിച്ചിനും പോപ്ലാട്നിക്കിനും 30 വയസിൽ താഴെയാണ് പ്രായം.
കോൽക്കത്തക്കെതിരെ 4-1-4-1 ശൈലിയിൽ മധ്യനിരക്ക് മുൻതൂക്കം കൊടുത്താണ് ബ്ലാസ്റ്റേഴ്സ് കോച്ച് ഡേവിഡ് ജയിംസ് ടീമിനെ കളത്തിൽ വിന്യസിച്ചത്. ഇന്ന് മുംബൈ സിറ്റിക്കെതിരെയും ഈ ശൈലി പുറത്തെടുക്കാനാണ് സാധ്യത. യുവാക്കളുടെ മികച്ച നിരയാണ് ടീമിന്റെ ശക്തിയെന്ന് മത്സരത്തിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തിൽ ഡേവിഡ് ജെയിംസ് പറഞ്ഞു.
ഏതു പൊസിഷനിലേക്കും പകരക്കാരുടെ നിരയുണ്ട്. പൂർണ സജ്ജമായ ഒരു ടീമെന്നത് ഒരു പരിശീലകനെ സംബന്ധിച്ചിടത്തോളം വെല്ലുവിളിയാണ്. ആരെ പരിഗണിക്കണമെന്നത് ആലോചിച്ച് തീരുമാനിക്കേണ്ടതായി വരും. സ്റ്റൊയനോവിച്ചും പോപ്ലാട്നിക്കും എടികെക്കെതിരെ നന്നായി കളിച്ചു. മറ്റു കളിക്കാരും അവരുടെ പങ്ക് നന്നായി നിർവഹിച്ചു. പ്രീ സീസണിലെ മികച്ച പ്രകടനമാണ് മലയാളിതാരം അബ്ദുൾ സഹലിനെ ആദ്യ പതിനൊന്നിൽ ഇറക്കാൻ കാരണമെന്നും ഡേവിഡ് ജയിംസ് പറഞ്ഞു.
ജംഷഡ്പൂരിനെതിരെ മുംബൈ 4-3-2-1 ശൈലിയിലായിരുന്നു കളത്തിലിറങ്ങിയത്. ഇന്നും ഈ ശൈലി തുടരാനാണ് സാധ്യത. ജംഷഡ്പൂരിനെതിരെ മികച്ച ചില അവസരങ്ങൾ സൃഷ്ടിച്ചിട്ടും ഗോളടിക്കാൻ കഴിയാതിരുന്നതാണ് മുംബൈക്ക് തിരിച്ചടിയായത്. ഏറെ മത്സരപരിചയമുള്ള പോർച്ചുഗീസ് താരം പൗലോ മച്ചഡോയും ബ്രസീലിയൻ സ്ട്രൈക്കർ റാഫേൽ ബസ്റ്റോസും അവസരത്തിനൊത്തുയർന്നാൽ മുംബൈയ്ക്ക് ഗോൾ നേടാനാവും. മത്സരം വിജയിച്ച് മൂന്ന് പോയിന്റ് നേടുകയാണ് ലക്ഷ്യമെന്ന് മുംബൈ സിറ്റി കോച്ച് ജോർജെ കോസ്റ്റ പറഞ്ഞു.
ജാംഷഡ്പൂരിനെതിരായ മത്സരഫലത്തിൽ നിരാശയുണ്ട്. ആദ്യ പകുതിയിൽ കാര്യമായൊന്നും ചെയ്യാനായില്ല. രണ്ടാം പകുതിയിൽ മികച്ച അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഫലം കണ്ടില്ല. വിലപ്പെട്ട മൂന്നു പോയിന്റ് നഷ്ടപ്പെട്ടു. കൊച്ചിയിൽ അത് നേടുകയാണ് ലക്ഷ്യം. സെഹ്നാജ് സിംഗും മിലൻ സിംഗും ഇന്നത്തെ മത്സരത്തിൽ കളിച്ചേക്കും. അതേസമയം, ദേവിന്ദർ സിംഗും അൻവർ അലിയും ഉണ്ടാകില്ല.
ഹോം ഗ്രൗണ്ടിൽ കളിക്കുന്നതിന്റെ ആനുകൂല്യം ബ്ലാസ്റ്റേഴ്സിനുണ്ട്. അതുപോലെതന്നെ സ്വന്തം കാണികൾക്കു മുന്നിൽ ജയിക്കേണ്ടതിന്റെ സമർദ്ദവും അവർക്കുണ്ടായേക്കാം. അദ്ദേഹം പറഞ്ഞു.