കൊച്ചി: ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട വിജിലൻസ് കേസ് റദ്ദാക്കാൻ നടൻ ദിലീപ് നൽകിയ കേസ് തുടർച്ചയായി മാറ്റിവയ്ക്കുന്നതിൽ ഹൈക്കോടതിക്ക് അതൃപ്തി. ഇത്തരം നടപടി തെറ്റാണെന്ന് വിലയിരുത്തിയ ഹൈക്കോടതി പരാതിക്കാരനു ദിലീപ് 1000 രൂപ കോടതിച്ചെലവ് നൽകാൻ നിർദേശിച്ചു. ഈ തുക അടുത്ത തവണ കേസ് പരിഗണിക്കുന്ന ഒക്ടോബർ 23-ന് നൽകണമെന്നും ഉത്തരവ് പറയുന്നു.
ചാലക്കുടിയിലെ ഡി സിനിമാസ് തിയറ്റിനു വേണ്ടി തൊട്ടടുത്ത ക്ഷേത്രത്തിന്റെ സ്ഥലം കൈയേറിയെന്നാരോപിച്ച് തൃശൂരിലെ പൊതു പ്രവർത്തകനായ പി.ഡി. ജോസഫ് നൽകിയ പരാതിയിൽ അന്വേഷണം നടത്താൻ തൃശൂർ വിജിലൻസ് കോടതി ഉത്തരവിട്ടിരുന്നു. ഇതു റദ്ദാക്കാനാണ് ദിലീപ് ഹർജി നൽകിയത്.
പല കാരണങ്ങൾ ചൂണ്ടിക്കാട്ടി അഞ്ചു തവണയോളം കേസ് ദിലീപ് മാറ്റിക്കൊണ്ടുപോയി. ഈ ഘട്ടങ്ങളിലെല്ലാം പരാതിക്കാരൻ കൃത്യമായി കോടതിയിൽ ഹാജരായിരുന്നെന്നു നിരീക്ഷിച്ച ഹൈക്കോടതി കോടതിച്ചെലവായി ആയിരം രൂപ കെട്ടിവയ്ക്കാൻ നിർദേശിക്കുകയായിരുന്നു.