കോട്ടയം: വെള്ളപ്പൊക്ക ദുരിതം നേരിട്ടവർക്കുള്ള ധനസഹായം പ്രഖ്യാപിച്ചിട്ട് രണ്ടുമാസമാകാറായി. എന്നിട്ടും ഇതുവരെ സർക്കാർ പ്രഖ്യാപിച്ച പതിനായിരം രൂപ കിട്ടാത്തവർ നിരവധി. തൊട്ടടുത്ത വീട്ടുകാർക്ക് കിട്ടിയിട്ടും തനിക്ക് പണം കിട്ടാത്തതെന്ത് എന്ന് അന്വേഷിച്ച് നൂറുകണക്കിന് ആളുകൾ താലൂക്ക്, വില്ലേജ് ഓഫീസുകളിൽ കയറിയിറങ്ങുകയാണ്. കോട്ടയം താലൂക്ക് ഓഫീസിൽ ഏതാനും ദിവസങ്ങളായി വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
മൂന്നു ദിവസമായി എഴുന്നൂറിലധികം ആളുകൾ തങ്ങൾക്ക് പതിനായിരം കിട്ടിയില്ലെന്ന പരാതിയുമായി താലൂക്ക് ഓഫീസിൽ എത്തി. പണം കിട്ടിയില്ലെന്ന പരാതിയുമായി എത്തുന്നവരുടെ ബാങ്ക്, ആധാർ വിവരങ്ങൾ ഒരു ബുക്കിൽ രേഖപ്പെടുത്തി പറഞ്ഞയക്കുകയാണ് താലൂക്ക് ഓഫീസ് അധികൃതർ. വീണ്ടും കാത്തിരിക്കാനാണ് നിർദേശം. രണ്ടു ദിസവത്തിനു ശേഷം വീണ്ടും പരാതിയുമായി എത്തുന്നവരുമുണ്ട്.
കോട്ടയം താലൂക്കിൽ ഇതുവരെ 31200 പേർക്കാണ് ധനസഹായം നല്കിയത്. രണ്ടായിരത്തോളം പേർ വീണ്ടും അപേക്ഷ നല്കിയിട്ടുണ്ട്. അതേ സമയം പല കാരണങ്ങളാൽ വില്ലേജ് ഓഫീസുകളിലേക്ക് തിരിച്ചയച്ച അപേക്ഷകൾ രണ്ടായിരത്തിലധികം വരും.
ഓഗസ്റ്റ് 15ന് ആരംഭിച്ച വെള്ളപ്പൊക്കത്തിൽ ദുരിതം അനുഭവിച്ചവർക്കാണ് പതിനായിരം നല്കുന്നത്. ഇതുപോലും കൊടുത്തു തീർക്കാനാവാതെ വിഷമിക്കുന്ന ഘട്ടത്തിലാണ് അടുത്ത ഏഴ്, എട്ട് ദിവസങ്ങളിൽ വീണ്ടും കാറ്റും മഴയും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ്. എന്തു ചെയ്യണമെന്നറിയാതെ റവന്യു ഉദ്യോഗസ്ഥർ വിഷമിക്കുകയാണ്.