ചേർത്തല: ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരൻപിള്ള എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ കണിച്ചുകുളങ്ങരയിലെ വസതിയിലെത്തി ചർച്ച നടത്തി. ഇന്നലെ രാത്രി എട്ടോടെയായിരുന്നു സന്ദർശനം. ശബരിമലയിലെ സ്ത്രി പ്രവേശനവുമായി ബന്ധപ്പെട്ട് ബിജെപി രണ്ട് ദിവസത്തിനുള്ളിൽ പ്രത്യക്ഷ സമരപരിപാടികൾ ആരംഭിക്കുന്നമെന്ന് ശ്രീധരൻപിള്ള പറഞ്ഞു.
ജനങ്ങളിൽ വേരോട്ടമുള്ള സാമൂദായിക നേതാക്കളെ ഉൾപ്പെടെ സന്ദർശിച്ച് അവരുടെ പിന്തുണ സമാഹരിച്ചു വരുകയാണ്. ദളിത് പ്രവർത്തകരെ ഉൾപ്പെടെ ഇതിനകം കണ്ടു കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തിൽ സുപ്രിംകോടതി വിധി മാനിക്കുന്നുവെന്നും അതോടൊപ്പം വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കപ്പെടണമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
10നും 60 നും ഇടയിലുള്ള കേരളത്തിലെ ഒരു സ്ത്രിയും ശബരിമലയിൽ പോകുമെന്ന് കരുതുന്നില്ലെന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു. ബിജെപി സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം പി.എസ് ശ്രീധരൻപിള്ള ആദ്യമായാണ് കണിച്ചുകുളങ്ങരയിലെ വെള്ളാപ്പള്ളിയുടെ വസതിയിലെത്തുന്നത്.