ആലുവ: പ്രളയം തളർത്തിയ ആലുവ സാധാരണ ജീവിതത്തിലേക്കുള്ള തിരിച്ചുവരവിനിടയിൽ പേമാരിയും ചുഴലിക്കാറ്റും ഉണ്ടാകുമെന്ന ജാഗ്രതാ നിർദേശത്തെത്തുടർന്ന് വീണ്ടും ആശങ്കയിൽ. പെരിയാറിന്റെ ഇരുകരകളിലായി ആലുവ താലൂക്കിൽ കഴിഞ്ഞ പ്രളയകാലത്ത് വൻ നാശനഷ്ടങ്ങളാണ് ഉണ്ടായത്. ആളപായങ്ങൾ ഒഴിച്ചാൽ കോടികളുടെ നാശനഷ്ടം പ്രളയം ആലുവയ്ക്ക് വരുത്തിവച്ചു.
ഇന്നലെ പെയ്ത ഒറ്റപ്പെട്ട മഴയിൽ തന്നെ വിവിധ പ്രദേശങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടത് നാട്ടുകാരെ ഞെട്ടിച്ചു. നഗരത്തിൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിനു മുന്നിൽ നിന്നും അൻവർ ആശുപത്രിയിലേക്ക് പോകുന്ന റോഡിലും മുട്ടത്തെ മെട്രോ യാർഡിലേക്കുള്ള റോഡിലുമാണ് വെള്ളക്കെട്ട് രൂക്ഷമായത്.
വിവിധ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച് ഡാമുകൾ തുറന്ന് തുടങ്ങിയെന്ന് അറിയിപ്പുകൾ ഉണ്ടായതോടെ നാട്ടുകാർ ആശങ്കയിലായിരുന്നു. ചില പ്രദേശങ്ങളിൽ രാത്രി ഉറങ്ങാതെ ആളുകൾ പെരിയാറിൽ ജലനിരപ്പ് ഉയരുന്നത് നോക്കി കാവൽ നിന്നു. പുഴയോരങ്ങളിൽ താമസിക്കുന്ന പല കുടുംബങ്ങളും ബന്ധുവീടുകളിലേക്ക് മാറി സുരക്ഷിതരായി. ക്യാന്പുകൾ സജ്ജമാക്കാനുള്ള ദുരന്തനിവാരണ അഥോറിറ്റിയുടെ അറിയിപ്പിനെത്തുടർന്ന് ജനപ്രതിനിധികൾ അതിനുള്ള ശ്രമവും തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്.
പ്രളയത്തിനുശേഷം പെരിയാറിലെ ജലനിരപ്പ് വളരെ താഴുകയും പുഴയിൽ പലഭാഗങ്ങളിലും വിശാലമായ മണൽപ്പുറങ്ങൾ രൂപപ്പെടുകയും ചെയ്തിരുന്നു. പെരിയാറിൽ തൽസ്ഥിതി തുടരുകയാണെങ്കിലും ഡാമുകൾ തുറക്കുമെന്ന മുന്നറിയിപ്പ് നാട്ടുകാരെ ആശങ്കയിലാക്കുന്നുണ്ട്. ജില്ലയിൽ ഒറ്റപ്പെട്ട കനത്ത മഴയുണ്ടാകുമെന്ന കാലാവസ്ഥ മുന്നറിയിപ്പോടെ മുൻകരുതലുകൾ ശക്തമാക്കിയിരിക്കുകയാണ്.
കഴിഞ്ഞ പ്രളയകാലത്ത് രക്ഷാപ്രവർത്തനങ്ങൾക്കുപയോഗിച്ച ബോട്ടുകളും വള്ളങ്ങളും വീണ്ടും സജ്ജമാക്കിയിട്ടുണ്ട്. വിവിധ സർക്കാർ വിഭാഗങ്ങളും സന്നദ്ധ സംഘടനകളും പ്രളയത്തെ അതിജീവിക്കാനുള്ള തയാറെടുപ്പിലാണ്. ഇന്നു രാവിലെ ഡാമുകൾ തുറക്കുമെന്ന അറിയിപ്പു വന്നതിനെ തുടർന്ന് തഹസിൽദാർ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയതായി അൻവർ സാദത്ത് എംഎൽഎ രാഷ്ട്രദീപികയോട് പറഞ്ഞു.
ഇന്ന് കളക്ടർ വിളിച്ചുചേർത്തിട്ടുള്ള യോഗത്തിൽ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.