സംഗതി സിംപിളാണെങ്കിലും അത്ര ‘ക്ലിയറല്ല’ ! ക്ലിയര്‍ ആന്‍ഡ് സിംപിള്‍ പ്രെഗ്നന്‍സി ടെസ്റ്റ് വിപണിയില്‍ നിന്നു പിന്‍വലിച്ചു; കിറ്റ് വ്യാജ ഗര്‍ഭമുണ്ടാക്കിയത് നൂറുകണക്കിന് സ്ത്രീകള്‍ക്ക്…

ഗര്‍ഭിണിയാണോയെന്നറിയാന്‍ ഇന്ന് തരത്തിലുള്ള സംവിധാനങ്ങള്‍ വിപണിയില്‍ ലഭ്യമാണെങ്കിലും ഏവര്‍ക്കും പ്രിയം വളരെ ലളിതമായി വീട്ടിലിരുന്നു തന്നെ ഇക്കാര്യം സ്ഥിരീകരിക്കാവുന്ന പ്രെഗ്നന്‍സി ടെസ്റ്റ് കിറ്റുകളോടാണ്. എന്നാല്‍, ഈ കിറ്റുകളിലൂടെ ലഭിക്കുന്ന ഫലം തെറ്റാണെങ്കിലോ? ചൈനയില്‍ നിര്‍മ്മിക്കുന്ന ക്ലിയര്‍ ആന്‍ഡ് സിംപിള്‍ പ്രെഗ്‌നന്‍സി ടെസ്റ്റ് കിറ്റാണ് ആയിരക്കണക്കിന് സ്ത്രീകള്‍ക്ക് വ്യാജഗര്‍ഭമുണ്ടാക്കിയത്. വിപണിയില്‍നിന്ന് ക്ലിയര്‍ ആന്‍ഡ് സിംപിള്‍ ടെസ്റ്റിംഗ് കിറ്റ് ഉദ്പാദകര്‍ തിരിച്ചുവിളിച്ചതോടെയാണ് ഇതുപയോഗിച്ച് ഗര്‍ഭം സ്ഥിരീകരിച്ച പലരും തങ്ങളുടേത് യഥാര്‍ഥമാണോ എന്ന സംശയത്തിലായത്.

മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത്കെയര്‍ പ്രോഡ്ക്ട്്സ് റെഗുലേറ്ററി ഏജന്‍സി(എംഎച്ച്ആര്‍എ)യാണ് ക്ലിയര്‍ ആന്‍ഡ് സിംപിള്‍ ടെസ്റ്റിംഗ് കിറ്റിന്റെ ഒരു ബാച്ച് തെറ്റായ പോസിറ്റീവ് റീഡിങ്ങാണ് നല്‍കുന്നതെന്ന വിവരം പുറത്തുവിട്ടത്. തുടര്‍ന്ന് കമ്പനി വിപണിയില്‍ ശേഷിക്കുന്ന കിറ്റുകള്‍ പിന്‍വലിക്കുകയും ചെയ്തു. കഴിഞ്ഞദിവസം മാത്രമാണ് ഇക്കാര്യം ഏജന്‍സി പുറത്തുവിട്ടതെങ്കിലും, തിരിച്ചുവിളിക്കാനുള്ള അറിയിപ്പ് ഒരുമാസം മുന്നെ നല്‍കിയിരുന്നുവെന്നാണ് സൂചന. ഇക്കാലയളവിനിടെ ഈ ബാച്ചില്‍പ്പെട്ട കിറ്റ് ഉപയോഗിച്ച് പരിശോധിച്ചവര്‍ക്കും തെറ്റായ വിവരമായിരിക്കാം ലഭിച്ചിരിക്കുകയെന്ന ആശങ്കയും ഇതോടെ ശക്തമായി.

ഇതിനകം തന്നെ പരാതിയുമായി നിരവധി സ്ത്രീകള്‍ രംഗത്തെത്തിയിട്ടുണ്ട്. 22-കാരിയായ റസ്റ്ററന്റ് ജീവനക്കാരി താന്‍ ഗര്‍ഭിണിയാണെന്ന് ഈ കിറ്റ് ഉപയോഗിച്ച് സ്ഥിരീകരിച്ചിരുന്നു. ഇതോടെ താനും കാമുകനും വളരെയേറെ സന്തോഷത്തിലായിരുന്നുവെന്നും എന്നാല്‍ പുതിയ വാര്‍ത്ത വന്നതിനെത്തുടര്‍ന്ന് വീണ്ടും പരിശോധിച്ചപ്പോള്‍ ഗര്‍ഭിണിയല്ലെന്ന് തിരിച്ചറിഞ്ഞതായും അവര്‍ പറയുന്നു. ക്ലിയര്‍ ആന്‍ഡ് സിംപിള്‍ ഉപയോഗിച്ച് ഗര്‍ഭം സ്ഥിരീകരിച്ചവരോട് മറ്റു മാര്‍ഗങ്ങളിലൂടെ ഒരിക്കല്‍ക്കൂടി ഗര്‍ഭം സ്ഥിരീകരിക്കാന്‍ എംഎച്ച്ആര്‍എ ആവശ്യപ്പെട്ടിട്ടുണ്ട്.

ചൈനയിലെ ഗ്വാങ്ഷുവിലാണ് ഈ ഗര്‍ഭപരിശോധനാ കിറ്റ് ഉത്പാദിപ്പിക്കുന്നത്. തെറ്റായ വിവരം നല്‍കുന്ന ബാച്ചിലെ 58,000 കിറ്റുകള്‍ ബ്രിട്ടനില്‍ വിറ്റിട്ടുണ്ടാവാമെന്നാണ് കണക്കാക്കുന്നത്. ഹെല്‍ത്ത്പോയന്റ് എന്ന ഏജന്‍സി മുഖേനയാണ് ഇവര്‍ ബ്രിട്ടനില്‍ ക്ലിയര്‍ ആന്‍ഡ് സിംപിള്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നത്. ഉത്പന്നം തിരിച്ചുവിളിക്കുന്നത് സംബന്ധിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്ന് ഹെല്‍ത്ത്പോയന്റ് അധികൃതരും വ്യക്തമാക്കി. ഉത്പന്നം തിരിച്ചുവിളിക്കുകയാണെന്ന അറിയിപ്പ് ഹെല്‍ത്ത്പോയന്റ് സെപ്റ്റംബര്‍ ഏഴിന് എംഎച്ച്ആര്‍എയ്ക്ക് നല്‍കിയിരുന്നു. നൂറു കണക്കിന് സ്ത്രീകള്‍ക്കാണ് കിറ്റ് വ്യാജഗര്‍ഭം സമ്മാനിച്ചതെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

Related posts