മുതലമട: പറന്പിക്കുളം അണക്കെട്ടിൽ ജലനിരപ്പ് 1822.09 അടിയായി ഉയർന്നതിനെ തുടർന്ന് ഷട്ടർ തുറക്കാൻ തമിഴ്നാട് സർക്കാരിനോട് ആവശ്യപ്പെട്ടതായി അന്തർസംസ്ഥാന ജലവിനിയോഗ സമിതിയംഗം സുധീർ അറിയിച്ചു. 1825 അടിയാണ് അണക്കെട്ടിന്റെ പരമാവധി ജലസംഭരണശേഷി.
കോണ്ടൂർ കനാൽവഴി തമിഴ്നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്നുണ്ടെങ്കിലും ജലനിരപ്പു താഴുന്നില്ല.തൂണക്കടവ് അണക്കെട്ടിൽ ജലനിരപ്പ് 1769 അടിയായി ഉയർന്ന സാഹചര്യത്തിൽ ഷട്ടർ കുറഞ്ഞതോതിൽ തുറന്നു. 1770 അടിയാണ് ഇവിടത്തെ സംഭരണശേഷി.
ഓഗസ്റ്റ് 15നുണ്ടായ കനത്ത മഴയിൽ പറന്പിക്കുളം, തൂണക്കടവ് അണക്കെട്ടുകളുടെ ഷട്ടറുകൾ തുറന്നതാണ് കുരിയാർകുറ്റിയിലും ചാലക്കുടി പുഴയോരങ്ങളിലും വെള്ളപ്പൊക്കത്തിനു കാരണമായത്. ഇതുമൂലം അധികൃതർ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട്.
ഇന്നുരാവിലെയും പറന്പിക്കുളം മേഖലയിൽ കനത്ത മഴപെയ്തു. മീങ്കര അണക്കെട്ടിൽ ഒന്നരയടി കൂടി ജലനിരപ്പ് ഉയർന്ന് 156.36 അടിയെന്ന പരമാവധി ജലസംഭരണശേഷിയിലെത്തിയാൽ ഷട്ടർ തുറക്കും. മീങ്കരയിൽ രണ്ടാംഘട്ട മുന്നറിയിപ്പു നല്കിയിട്ടുണ്ട്.പുളിയന്തോണി, ആലന്പള്ളം നിലന്പതിപാലങ്ങൾ വഴി രാത്രികാലത്തെ യാത്ര ഒഴിവാക്കണമെന്നു അധികൃതർ നിർദേശം നല്കി. ചുള്ളിയാറിൽ നിലവിലെ ജലനിരപ്പ് 152.5 അടിയാണ്.