ന്യൂഡൽഹി: സഖ്യകക്ഷികൾ ആവശ്യപ്പെട്ടാൽ പ്രധാനമന്ത്രിയാകാൻ തയാറാണെന്നു കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഹിന്ദുസ്ഥാൻ ടൈംസിന്റെ ലീഡർഷിപ്പ് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ കലിഫോർണിയായിൽ വിദ്യാർഥികളുമായി സംവദിക്കുന്നതിനിടെയും പ്രധാനമന്ത്രിയാവാൻ താത്പര്യമുണ്ടെന്ന് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. ഇന്ത്യയിലെ 130 കോടി ജനങ്ങളോടു നരേന്ദ്ര മോദി സർക്കാർ യുദ്ധം ചെയ്യുകയാണ്.
130 കോടി ജനങ്ങളിലേക്ക് ശ്വാസംമുട്ടിക്കുന്ന അവരുടെ ആശയം അടിച്ചേൽപ്പിക്കാനാണ് ആ യുദ്ധമെന്ന് അദ്ദേഹം പറഞ്ഞു. സർക്കാരിനെ എതിർക്കുന്ന ഗൗരി ലങ്കേഷിനെ പോലുള്ള മാധ്യമ പ്രവർത്തകർ കൊല്ലപ്പെടുന്നു.
പ്രധാനമന്ത്രിയെ വിമർശിക്കുന്ന മാധ്യമ പ്രവർത്തകർ ജോലിയിൽനിന്നു പുറത്താക്കപ്പെടുന്നു. ഇന്ത്യയുടെ ചിന്താരീതികളെ മലിനപ്പെടുത്തുകയും മോശമാക്കുകയും ചെയ്യുന്ന കാര്യങ്ങളാണ് ഇന്നു നടക്കുന്നത്. ആയിരക്കണക്കിനു കർഷകർ ആത്മഹത്യ ചെയ്യുന്നു. സന്പദ്ഘടന തകർന്നു. രൂപയുടെ മൂല്യം കൂപ്പുകുത്തി. പെട്രോൾ വില എക്കാലത്തെയും ഉയരത്തിൽ. ഓഹരിവിപണി തകർച്ച നേരിടുന്നു. 12 ലക്ഷം കോടി രൂപയുടെ കിട്ടാക്കടങ്ങളും ബാങ്കിംഗ് മേഖലയിലെ തകരാറുകളും ഞെരുക്കമുണ്ടാക്കുന്നു.
തൊഴിലില്ലായ്മ 20 വർഷത്തിനിടയിലെ ഏറ്റവും ഉയരത്തിലാണ്. തൊഴിലില്ലായ്മ പെരുകുന്നത് രാജ്യത്ത് അസംതൃപ്തിക്കു കാരണമാകുന്നു. ജിഎസ്ടിയും നോട്ട് നിരോധനവും അസംഘടിത മേഖലയെ തകർത്തു. ചെറുകിട വ്യാപാരികൾ കടുത്ത പ്രതിസന്ധിയിലായി.
എല്ലാ വിഷയങ്ങളിലും നരേന്ദ്ര മോദി സർക്കാർ കടുത്ത ഏകാധിപത്യ നിലപാടാണ് സ്വീകരിക്കുന്നത്. ചർച്ചകൾ നടത്താനുള്ള എല്ലാ അവസരങ്ങളിൽനിന്നും അവർ അകന്നുനിൽക്കുകയാണ്. ജനങ്ങളുമായി സംവാദം നടത്താതെ രാജ്യത്തിനു മുന്നോട്ടു പോകാനാവില്ല. തങ്ങളും ബിജെപിയും തമ്മിലുള്ള വ്യത്യാസം തങ്ങൾ ജനങ്ങളിൽ വിശ്വസിക്കുന്നു എന്നതാണെന്നും രാഹുൽ പറഞ്ഞു.
രാജ്യത്തെക്കുറിച്ചും നമ്മുടെ ജനങ്ങളുടെ സ്വപ്നങ്ങളെക്കുറിച്ചും അറിയുന്നവർ അവർ മാത്രമാണെന്നാണ് അവർ വിശ്വസിക്കുന്നത്. ബഹുസ്വരതയില്ലെങ്കിൽ ഇന്ത്യയെ ഒരു രാജ്യമാണെന്ന് എങ്ങനെ പറയാൻ കഴിയും.
താൻ ക്ഷേത്രങ്ങൾ സന്ദർശനം നടത്തുന്നതിൽ എന്തുകൊണ്ടാണു ബിജെപിക്കാർ വിറളി പിടിക്കുന്നതെന്നു മനസിലാകുന്നില്ല. ഒരു ക്ഷേത്രത്തിലോ ക്രിസ്ത്യൻ പള്ളിയിലോ ഗുരുദ്വാരയിലോ പോകുന്പോൾ ബിജെപിക്കാർ എതിർക്കുന്നത് എന്തിനാണെന്നു വ്യക്തമാകുന്നില്ല.
മധ്യപ്രദേശിലും രാജസ്ഥാനിലും കോണ്ഗ്രസുമായി സഖ്യത്തിനില്ലെന്ന മായാവതിയുടെ നിലപാട് കോണ്ഗ്രസ് അധ്യക്ഷൻ തള്ളി. മായാവതിയുടെ നിലപാട് കൊണ്ട് ആ സംസ്ഥാനങ്ങളിൽ ഒരു പ്രത്യാഘാതവും ഉണ്ടാക്കില്ല. എങ്കിലും സഖ്യമുണ്ടാക്കാൻ കഴിഞ്ഞെങ്കിൽ അത് നന്നായേനേ. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ് ഗഡ് , തെലങ്കാന സംസ്ഥാനങ്ങളിൽ നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പിൽ കോണ്ഗ്രസ് വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മായാവതിയുമായി സഖ്യസാധ്യതകൾ പൂർണമായും തള്ളിക്കളഞ്ഞിട്ടില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.