‘കോട്ടയം: ദിനംപ്രതിയുള്ള ഇന്ധനവില വർധനവിനെതുടർന്നുണ്ടായ അവശ്യസാധനങ്ങളുടെ വിലവർധന ഹോട്ടൽ മേഖലയെ പ്രതിസന്ധിയിലാക്കുന്നു. കഴിഞ്ഞ മൂന്നുമാസം കൊണ്ട് അവശ്യസാധനങ്ങൾക്കു 40 ശതമാനത്തിന്റെ വിലവർധനവാണുണ്ടായിരിക്കുന്നത്.
നാളുകൾക്കു മുന്‍പുണ്ടായ രണ്ടു വെള്ളപ്പൊക്ക കെടുതികളിൽനിന്നും സാധാരണക്കാരായ ജനങ്ങൾ കരകയറി വരുന്നതേയുള്ളു. ഈ അവസരത്തിൽ നിത്യോപയോഗ സാധനങ്ങളുടെയും പാചകവാതകം, പെട്രോൾ, ഡീസൽ തുടങ്ങിയവയുടെയും വില വർധിച്ചതോടെ സാധാരണക്കാരായ ഹോട്ടലുടമകൾ പ്രതിസന്ധിയിലായിരിക്കുകയാണ്. വിലവർധനവിൽ ഹോട്ടലുടമകൾക്കു പിടിച്ചു നില്ക്കാൻ സാധിക്കാത്ത സാഹചര്യമാണ്.
സർക്കാർ അടിയന്തരമായി ഇടപെട്ടു വിലക്കയറ്റം നിയന്ത്രിക്കണമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്ററൻഡ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെ.കെ. ഫിലിപ്പ്കുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ സെക്രട്ടറി എൻ. പ്രതീഷ്, സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഷെറീഫ്, ആർ.സി. നായർ, പി.എസ്. ശശിധരൻ എന്നിവർ പ്രസംഗിച്ചു.