പത്തനംതിട്ട: ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ വീട്ടിലേക്ക് യുവമോർച്ച മാർച്ച്. ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശിക്കാൻ അനുമതി നൽകിയ സുപ്രീംകോടതി ഭരണഘടനാ വിധിക്കെതിരെ പുനഃപരിശോധന ഹർജി നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാർച്ച്.
മാർച്ച് പത്മകുമാറിന്റെ വീടിന് മുന്നിൽ ബാരികേഡ് ഉപയോഗിച്ചു പോലീസ് തടഞ്ഞു. ഇതോടെ പ്രദേശത്ത് സംഘർഷം ഉടലെടുത്തു. പോലീസും പ്രവർത്തകരും തമ്മിൽ ചെറിയ തോതിൽ ഉന്തും തള്ളുമുണ്ടായി.
സുപ്രീംകോടതി വിധിക്കെതിരേ പുനഃപരിശോധന ഹർജി നൽകില്ലെന്ന് പത്മകുമാർ നേരത്തെ വ്യക്തമാക്കിയിരുന്നു. എല്ലാ വിഭാഗങ്ങളുടെയും അഭിപ്രായങ്ങൾ കേട്ട ശേഷമാണ് ഭരണഘടനാ ബെഞ്ച് ഇത്തരമൊരു വിധി പ്രസ്താവിച്ചത്. അതിനാൽ പുനഃപരിശോധന ഹർജി കൊടുത്താലും വിധിയിൽ മാറ്റമുണ്ടാകാൻ സാധ്യതയില്ല. കോടതി എന്ത് പറഞ്ഞുവോ അത് ചെയ്യുക എന്നതാണ് ദേവസ്വം ബോർഡിന്റെ ചുമതലയെന്നും പത്മകുമാർ പറഞ്ഞിരുന്നു.