ജോണ്സണ് വേങ്ങത്തടം
മൂവാറ്റുപുഴ: തമിഴ്നാടിന്റെ നിയന്ത്രണത്തിൽ കേരള അതിർത്തിയിലുള്ള മുല്ലപ്പെരിയാർ, പറന്പിക്കുളം ഉൾപ്പെടെയുള്ള ഡാമുകൾ തുറക്കണമെന്നു കേരളം ആവശ്യപ്പെട്ടു. അണക്കെട്ടുകൾ പരമാവധി സംഭരണശേഷിക്കടുത്തെത്തിയ സാഹചര്യത്തിൽ കേരളത്തിന്റെ സുരക്ഷ പരിഗണിച്ചു തുറന്നുവിടണമെന്നു കേന്ദ്ര ജലകമ്മീഷനോടു സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിയാണ് ആവശ്യപ്പെട്ടത്.
കഴിഞ്ഞ ഓഗസ്റ്റിലെ പ്രളയകാലത്ത് കേരളം തമിഴ്നാടിനു മുന്നിൽ ഇത്തരമൊരാവശ്യം ഉന്നയിച്ചപ്പോൾ തമിഴ്നാട് തള്ളുകയായിരുന്നു. കേരളത്തിനുവേണ്ടി അഡ്വ. റസൽ ജോയ് നൽകിയ സ്വകാര്യഹർജിയെത്തുടർന്നു സുപ്രീംകോടതി ഇടപെട്ടാണ് 142 അടിയിലെത്തിയപ്പോൾ തമിഴ്നാട് മുല്ലപ്പെരിയാർ തുറന്നത്. അപ്പോഴും അണക്കെട്ടു സുരക്ഷിതമാണെന്നും 152 അടിയായി ഉയർത്തണമെന്നുമാണു തമിഴ്നാട് വാദിച്ചത്. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ 13 ഷട്ടറുകൾ ഒരടിവീതം അർധരാത്രിയാണു തുറന്നുവിട്ടത്.
മുല്ലപ്പെരിയാർ തുറന്നതോടെ ഇടുക്കി അണക്കെട്ടിലും ജലനിരപ്പ് പരമാവധി സംഭരണശേഷിക്കടുത്ത് 2402 അടിയിലെത്തി. എല്ലാ അണക്കെട്ടുകളും ഒന്നിച്ചു തുറക്കേണ്ട സ്ഥിതിവിശേഷം സംജാതമായതോടെയാണ് കേരളം പ്രളയദുരന്തത്തിൽപ്പെട്ടത്. മുല്ലപ്പെരിയാറിൽ 131 അടിയാണ് ഇന്നലെ രേഖപ്പെടുത്തിയ ജലനിരപ്പ്. ഓഗസ്റ്റിൽ മുല്ലപ്പെരിയാർ തുറക്കുന്പോൾ തമിഴ്നാട്ടിൽ മഴ കുറവായിരുന്നു.
എന്നാൽ ഇപ്പോൾ തമിഴ്നാട്ടിൽ കനത്ത മഴയ്ക്കുള്ള സാധ്യത പ്രവചിച്ചിരിക്കുകയാണ്. ചെന്നൈ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കൂടുതൽ വെള്ളം തമിഴ്നാട്ടിലേക്കു കൊണ്ടുപോകാനുള്ള സാധ്യത കുറവാണ്.