മലന്പുഴ: മലന്പുഴ ഡാമിന്റെ വൃഷ്ടിപ്രദേശമായ മാന്തുരുത്തിയിൽ കേബിൾ കത്തിച്ച് ചെന്പുകന്പിയെടുത്തു വില്ക്കുന്നവരെ മലന്പുഴ എസ്ഐ ഷമീറിന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തു. കേബിൾ കൊണ്ടുവരുന്നതിനായി ഉപയോഗിക്കുന്ന കെ എൽ10 എക്യു. 7978 ബൊലോറോ പിക്കപ്പ് വാനും പിടിച്ചെടുത്തു.
പട്ടാന്പി ഓങ്ങല്ലൂർ സ്വദേശി ഷൗക്കത്ത് (27), സഹായികളായ അന്യസംസ്ഥാന തൊഴിലാളികൾ എന്നിവരെയാണ് പിടികൂടിയത്. പട്ടാന്പിയിൽനിന്നും ആക്രിസാധനങ്ങൾ വാങ്ങുന്നയാളാണ് ഷൗക്കത്തെന്നും മുന്പും ഇയാളെ ഇതേ സംഭവത്തിൽ പിടികൂടിയിട്ടുണ്ടെന്നും സ്ഥലമുടമയ്ക്ക് നോട്ടീസ് നല്കിയിട്ടുണ്ടെന്നും മലന്പുഴ എസ്ഐ പറഞ്ഞു.
ഇന്നലെ പുലർച്ചെ ഒന്നിന് കേബിൾ കത്തുന്ന പുക ശ്വസിച്ച് അസ്വസ്ഥത അനുഭവപ്പെട്ടതോടെ നാട്ടുകാർ മലന്പുഴ പോലീസിനെയും ഫയർഫോഴ്സിനെയും വിവരം അറിയിക്കുകയായിരുന്നു. ഇത്തരം പ്രവൃത്തി ഇനിയും ആവർത്തിച്ചാൽ നാട്ടുകാർ ശക്തമായി പ്രതികരിക്കുമെന്നു യൂത്ത് കോണ്ഗ്രസ് മലന്പുഴ മണ്ഡലം പ്രസിഡന്റ് സജി പുളിമൂട്ടിൽ പറഞ്ഞു.