ലിയണാർഡോ ഡികാപ്രിയോ അഭിനയിച്ച “ദ ബീച്ച്’ എന്ന ഹോളിവുഡ് ചിത്രത്തിലൂടെയാണ് തായ്ലൻഡിലെ മയാ ബേ ബീച്ച് ലോകശ്രദ്ധയാകർഷിച്ചത്. 2000ൽ പ്രദർശനത്തിനെത്തിയ ദ ബീച്ചിലൂടെ വിനോദസഞ്ചാരികളുടെ കുത്തൊഴുക്കായിരുന്നു മയാ ബേയിലേക്ക്. വർഷങ്ങൾ പിന്നിട്ടപ്പോൾ ആറായിരത്തിലധികം സഞ്ചാരികളാണ് ദിനംപ്രതി ഇവിടെയെത്തുന്നത്.
അനിശ്ചിത കാലത്തേക്ക് സഞ്ചാരികളെ ഈ പ്രദേശത്തേക്ക് അടുപ്പിക്കില്ലെന്ന് തായ്ലൻഡ് നാഷണൽ പാർക്ക്, വന്യജീവി, സസ്യസംരക്ഷണ വകുപ്പ് ഉത്തരവിറക്കി. എല്ലാ വർഷവും ജൂൺ മുതൽ നാലു മാസത്തേക്ക് ബീച്ച് അടച്ചിടാറാണ് പതിവ്. എന്നാൽ, ഒക്ടോബറിൽ തുറന്നുകൊടുക്കേണ്ടത് അനിശ്ചിതകാലത്തേക്കു നീട്ടുകയായിരുന്നു.
സഞ്ചാരികളുടെ ആധിക്യം നിമിത്തം പരിസ്ഥിതിക്കേറ്റ കോട്ടം നികത്താൻ കൂടുതൽ സമയം വേണ്ടവരുമെന്നതിനാലാണ് ഈ നീക്കം. ലോകത്തിലെ അത്യാകർഷ ബീച്ചുകളിലൊന്നാണ് മയാ ബേ. എന്നാൽ, നിലവിൽ പാരിസ്ഥിതിക പ്രശ്നങ്ങളിലാണ്. ദേശീയോദ്യാന വകുപ്പിന്റെ റിപ്പോർട്ടുകൾപ്രകാരം ഇവിടെത്തുന്ന ടൂറിസ്റ്റുകൾ പരിസ്ഥിതിയെ ദോഷകരമാംവിധം നശിപ്പിക്കുന്നുണ്ട്.
ബീച്ചും പരിസരവും പൂർണമായും നശിപ്പിക്കപ്പെട്ടു. സസ്യങ്ങൾ പലതും നാമാവശേഷമായി. മയാ ബേ ബീച്ച് വീണ്ടും പഴയരൂപത്തിലാക്കുക എന്നത് ശ്രമകരമായ കാര്യമാണെന്നും സർക്കാർ വൃത്തങ്ങൾ പറയുന്നു.
റിപ്പോർട്ടുകൾ പ്രകാരം മലിനീകരണം, മാലിന്യം തുടങ്ങിയവ മൂലം ബീച്ചിലെ 80 ശതമാനം പവിഴപ്പുറ്റുകളും നശിച്ചു. ഒരു വർഷം ശാരാശരി അര സെന്റിമീറ്ററാണ് പവിഴപ്പുറ്റുകൾ വളരുന്നത്. അതുകൊണ്ടുന്നെ അവയുടെ നാശം വലിയ പ്രതിസന്ധിയാണ് ഉളവാക്കിയിരിക്കുന്നത്.
2018ൽ ഇതുവരെ 25 ലക്ഷത്തിലധികം സഞ്ചാരികൾ മയാ ബേ ബീച്ചിൽ എത്തിയിട്ടുണ്ട്. ഏതായാലും ഉടനെയൊന്നും മയാ ബേ ബീച്ച് സഞ്ചാരികൾക്കായി തുറന്നുകൊടുക്കില്ലെന്നത് തീർച്ച.