കെണിയിൽ കുടുങ്ങിയ പുലിയെ രക്ഷപ്പെടുത്താൻ ശ്രമിച്ച മധ്യവയസ്കൻ “പുലിവാല്’ പിടിച്ചു. ഉത്തരാഖണ്ഡിലെ ബഗേശ്വർ ജില്ലയിലാണ് സംഭവം. ഇവിടുത്തെ ചൗര ഗ്രാമത്തിൽ സരയൂനദീ തീരത്ത് കെണിയിൽ കുടുങ്ങിയ പുലിയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് മധ്യവയസ്കനെ പുലി ആക്രമിച്ചത്. വനംവകുപ്പ് അധികൃതർ പുലിയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ പ്രദേശവാസിയായ ഇയാൾ സ്വമേധയാ സഹായഹസ്തവുമായി രംഗത്തെത്തുകയായിരുന്നു.
പുലിയുടെ കാലുകളിൽ കയറിട്ട് കുരുക്കിയ ശേഷം കെണിയെടുക്കാനുള്ള ശ്രമത്തിലായിരുന്നു ഇയാൾ. കുരുക്ക് മുറുക്കാൻ ശ്രമിക്കുന്നതിനിടെ പുലി പുപ്പുലിയായി, രക്ഷിക്കാൻ ശ്രമിച്ചയാളുടെ കൈയിൽ കടിച്ചുവലിച്ച പുലിക്ക് അയാളെ വിടാൻ ഭാവമില്ലായിരുന്നു. കണ്ടുനിന്നവർ അയാളെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ വീണ്ടും, പുലി അയാളുടെ കാലിൽ പിടിച്ചു വലിക്കുകയും ചെയ്തു.
എന്നാൽ ചിലർ വലിയ വടികൊണ്ട് പലയാവർത്തി അടിച്ചതോടെ പുലി പിടിവിട്ടു. പരിക്കേറ്റ “രക്ഷാപ്രവർത്തകനെ’ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.