ആലപ്പുഴ: ന്യൂ ജനറേഷൻ ലഹരി മരുന്നുമായി ബംഗളൂരു സ്വദേശിയും ബിബിഎ ബിരുദധാരിയുമായ യുവാവ് പിടിയിൽ. ബംഗളൂരു ഹനുമന്ത നഗർ സ്വദേശി റിഷഭ്(26) ആണ് പിടിയിലായത്.
എക്സൈസ് സ്പെഷൽ സ്ക്വാഡ് സിഐ വി. റോബർട്ടിന്റെ നേതൃത്വത്തിൽ ആലപ്പുഴ റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ന്യൂ ജനറേഷൻ ലഹരിവസ്തുവായ എംഡിഎംഎ (മെത്തലീൻ ഡയോക്സീ മെത്താ ആംഫിറ്റമി)നുമായി ഇയാൾ പിടിയിലായത്.
ഒരു ഗ്രാമോളം ലഹരിവസ്തുവാണ് ഇയാളിൽനിന്നും പിടികൂടിയത്.
ഫ്രാൻസ് പൗരത്വമുള്ള യുവതിയുമായി ഇയാളുടെ വിവാഹം ഉറപ്പിച്ചിരുന്നതായും യുവതി ആലപ്പുഴയിൽ രണ്ടു ദിവസമായി തങ്ങുകയാണെന്നറിഞ്ഞ് ഗോവയിൽ നിന്നും ലഹരി വസ്തു വാങ്ങി ഇവിടെ എത്തിയതാണെന്ന് ചോദ്യം ചെയ്തതിൽനിന്നും അറിയാൻ കഴിഞ്ഞതായി എക്സൈസ് പറഞ്ഞു.
ഗോവ പോലുള്ള ഹൈടെക് സിറ്റികളിൽ കണ്ടുവരുന്ന ഇത്തരം ലഹരിവസ്തു ആലപ്പുഴയിൽ ആദ്യമായാണ് പിടികൂടുന്നത്. ഒരു ഗ്രാം എംഡിഎംഎ ക്ക് പതിനായിരം രൂപയോളം വിലയുണ്ട്. ഇതിന്റെ ഉപയോഗം മാനസികവിഭ്രാന്തിക്കും, കടുത്ത വിഷാദരോഗത്തിനും, വായ, തൊണ്ട, ഉദരസംബന്ധമായ കാൻസർ രോഗങ്ങൾക്കും കാരണമാകുന്നു. അരഗ്രാമിൽ കൂടുതൽ കൈവശം വെച്ചാൽ 20 വർഷം തടവും രണ്ടുലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.
പ്രതിയെ ചോദ്യം ചെയ്തതിൽ കഴിഞ്ഞ ഒരു വർഷമായി ഇയാൾ ഈ ലഹരി ഉപയോഗിക്കുന്നതായും ഗോവ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും എംഡിഎംഎ വാങ്ങി ഇൻഡ്യയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലെത്തി ചില്ലറ വിൽപ്പന നടത്തിവരുന്നതായും കണ്ടെത്തി. കൂടാതെ ഇയാളുടെ പക്കൽനിന്നും കഞ്ചാവും, കഞ്ചാവ് വലിക്കുന്നതിനുള്ള ഒസിബി പേപ്പറുകളും കണ്ടെടുത്തിട്ടുണ്ട്.
പ്രതിയെ ആലപ്പുഴ ജുഡീഷ്യൽ ഒന്നാം ക്ലാസ്് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. റെയ്ഡിൽ സിഐ വി. റോബർട്ട്, എക്സൈസ് ഇൻസ്പെക്ടർ അമൽ രാജൻ, പ്രിവന്റീവ് ഓഫീസർ എ. കുഞ്ഞുമോൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ആർ. രവികുമാർ, കെ.ജി. ഓംങ്കാർ നാഥ്, എസ്.ആർ. റഹിം, വി.എ. അഭിലാഷ്, കെ.ബി. ബിപിൻ എന്നിവർ പങ്കെടുത്തു.
മദ്യം, മയക്കുമരുന്ന് എന്നിവയുമായി ബന്ധപ്പെട്ട പരാതികളെയും കുറ്റക്യത്യങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ 0477-2251639, 9400069494, 9400069495 എന്നീ നന്പരുകളിൽ അറിയിക്കണമെന്ന് അധികൃതർ അറിയിച്ചു.