നേമം : അയണിമൂട് വെടിവെച്ചാൻകോവിലിലെ വാടക വീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെ ചോദ്യം ചെയ്തുവരുന്നു. ആന്ധ്രയിൽ നിന്നും പിടികൂടിയ പ്രതിയെ ഇന്നലെ രാവിലെയാണ് നരുവാമൂട് പോലീസ് സ്റ്റേഷനിലെത്തിച്ചത്.
ബാലരാമപുരം ഇൻസ്പെക്ടർ എസ്.എം. പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണത്തിനായി ആന്ധ്രയിലേയ്ക്ക് പോയത്. നരുവാമൂട് കൂരച്ചൽക്കോണം ഗീത ഭവനിൽ സുജാതയാണ് കൊല്ലപ്പെട്ടത്. കൂടെ താമസിച്ചിരുന്ന ഷംനാദ് എന്നുവിളിക്കുന്ന സുജിത്തിനെയാണ് ആന്ധ്രപ്രദേശിലെ തിരുപ്പതിയിൽ നിന്ന് പിടികൂടിയത്.
ഷംനാദ് തന്നെയാണ് കൃത്യം നടത്തിയതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാൾക്ക് സുജാതയിലുള്ള സംശയമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവദിവസം സുജാതയും ഷംനാദും തമ്മിൽ വാക്കുതർക്കം നടന്നതായി പോലീസിനോട് പറഞ്ഞിട്ടുണ്ട്.
കൊലപാതകത്തിന് ശേഷം സംസ്ഥാനം വിട്ട ഷംനാദ് നേരെ പോയത് ആന്ധ്രയിലേയ്ക്കാണ്. കൂലിപ്പണിക്കാരനായ ഷംനാദ് മോഷണക്കേസിലും പ്രതിയായിരുന്നു.