കണ്ണൂർ: ട്രോളിംഗ് നിരോധനം കഴിഞ്ഞുള്ളപ്രാഥമിക കണക്കെടുപ്പിൽ കേരളതീരത്ത് തനത് മത്സ്യസമ്പത്ത് കുറഞ്ഞതായി കണ്ടെത്തൽ. നേരത്തെ സുലഭമായി ലഭിച്ചിരുന്ന നത്തോലി, വേളൂരി (വൈറ്റ് സാർഡൈൻ), മത്തി, നങ്ക് (സോളിയ സോളിയ), കണവ (കൂന്തൽ), വെള്ള കൊഞ്ച്, ചെമ്പല്ലി എന്നിവ ഗണ്യമായി കുറഞ്ഞു. കടലിന്റെ അടിത്തട്ടിനോടുചേർന്ന് ജീവിക്കുന്ന നങ്ക് വംശനാശ ഭീഷണി നേരിടുന്നതായും റിപ്പോർട്ടിൽ പറയുന്നു.
പ്രജനനവേളയിൽ ട്രോളിംഗ് നിരോധനം ഫലപ്രദമായി നടപ്പാക്കിയിട്ടും മത്സ്യസമ്പത്ത് അതിനനുസൃതമായി വർധിച്ചില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. മലബാർ മേഖലയിൽ ഒരുകാലത്ത് ധാരാളമായി കണ്ടുവന്നിരുന്നതും കടലിലെ പാറകളിൽ പറ്റിപ്പിടിച്ചു വളരുന്നതുമായ കല്ലുമ്മക്കായയും വംശനാശ ഭീഷണി നേരിടുന്നുണ്ട്. പുറന്തോടിനുള്ളിൽ പൂർണമായും മാംസത്തോടുകൂടിയ കക്ക വർഗത്തിൽപ്പെടുന്ന ജീവിയാണ് കല്ലുമ്മക്കായ.
കടലിലെ ഇറച്ചിമീൻ എന്നറിയപ്പെടുന്ന കല്ലുമ്മക്കായ വംശനാശഭീഷണി നേരിട്ടത് കൂട്ടത്തോടെ പറിച്ചെടുക്കപ്പെട്ടതു മൂലമാണ്. ഇതിനു പുറമേ, കടൽജല മലിനീകരണവും ഇതിന്റെ ആവാസവ്യവസ്ഥയ്ക്ക് ആഘാതമേൽപ്പിച്ചിട്ടുണ്ട്. കടലിൽ ചില മത്സ്യങ്ങൾ കുറഞ്ഞതിനൊപ്പം മറ്റു ചിലത് വർധിച്ചതായും കണ്ടെത്തിയിട്ടുണ്ട്. അയല, കൊഞ്ച് (ചുകപ്പ്), ഞണ്ട്, കിളിമീൻ എന്നിവയാണ് വർധിച്ചിരിക്കുന്നത്. ഇതോടൊപ്പം പുറംകടലിൽ മാത്രം കണ്ടുവന്നിരുന്ന വലിയതരം മത്സ്യങ്ങൾ തീരത്തേക്ക് കടന്നുവന്നിട്ടുമുണ്ട്.
വിവിധയിനം സ്രാവുകൾ, തിരണ്ടികൾ എന്നിവയോടൊപ്പം ചെറുമത്സ്യങ്ങളെ ആഹാരമാക്കുന്ന മറ്റു മത്സ്യങ്ങളുമാണ് തീരമേഖലയിൽ കണ്ടെത്തിയത്. ചെറുമത്സ്യങ്ങളെ ഭക്ഷിക്കുന്ന വലിയ മത്സ്യങ്ങളുടെ കടന്നുവരവ് പരൽ മത്സ്യങ്ങളെ പൂർണമായും ഇല്ലാതാക്കുമെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.
ഇത് കടലിലെ ആവാസവ്യവസ്ഥയ്ക്കുതന്നെ ഭീഷണിയാകും. ഓഖി, സുനാമി, കടൽ പ്രതിഭാസങ്ങൾ, കാലാവസ്ഥാ വ്യതിയാനം എന്നിവയെല്ലാം മത്സ്യമേഖലയെ വലിയതോതിൽ ബാധിച്ചതായി സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സിഎംഎഫ്ആർഐ) നടത്തിയ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. കടലിലെ ഒഴുക്കിലും വ്യതിയാനമുണ്ടായിട്ടുണ്ട്.
ട്രോളിംഗ് നിരോധനത്തിനുശേഷം നടത്തിയ ആദ്യഘട്ട സർവേയിൽ വിവിധതരം മത്സ്യക്കുഞ്ഞുങ്ങളെ നല്ലനിലയിൽ കണ്ടെത്തിയിരുന്നുവെന്ന് സിഎംഎഫ്ആർഐ പഠനത്തിൽ പറയുന്നുണ്ട്. മത്സ്യങ്ങൾ വളരേണ്ട കാലഘട്ടത്തിലാണ് കുറവ് ശ്രദ്ധയിൽപ്പെടുന്നത്. ഇതിനുകാരണം കടൽജലത്തിന്റെ ഘടനയ്ക്കുണ്ടായ മാറ്റവും ഒഴുക്കിന്റെ വ്യതിയാനവുമാകാമെന്നാണ് വിലയിരുത്തൽ.
ഒഴുക്കിന്റെ ദിശ മാറുമ്പോൾ ഏതാനും മണിക്കൂറുകൾകൊണ്ടുതന്നെ ഒരു പ്രദേശത്തെ മത്സ്യങ്ങൾ പൂർണമായും തുടച്ചുനീക്കപ്പെട്ട് മറ്റൊരിടത്തേക്ക് എത്തും. കേരളതീരത്ത് ഇപ്രകാരം സംഭവിച്ചതായാണ് നിഗമനം. പുറംകടലിലെ ഭക്ഷ്യക്ഷാമമാണ് വലിയ മത്സ്യങ്ങളെ തീരമേഖലയിലേക്ക് ആകർഷിച്ചതെന്നും സമുദ്രമത്സ്യ ശാസ്ത്രജ്ഞർ പറയുന്നു.
രണ്ടു വർഷം കഴിയുന്നതോടെ 1000 കോടി ഡോളറിന്റെ സമുദ്രോത്പന്ന കയറ്റുമതി ലക്ഷ്യമിട്ട് ഈ മേഖലയിൽ ഒന്നാമതെത്താനുള്ള തയാറെടുപ്പിലുള്ള ഇന്ത്യയുടെ പ്രതീക്ഷയ്ക്ക് കേരളത്തിലെ മത്സ്യസമ്പത്ത് കുറഞ്ഞത് തിരിച്ചടിയാകാൻ സാധ്യതയുണ്ട്.
ഇന്ത്യയിൽനിന്നുള്ള കയറ്റുമതിയുടെ മുഖ്യപങ്കും കേരളത്തിൽനിന്നാണ്. ചെമ്മീന്, കണവ, സ്രാവിൻ ചിറക്, കണവയെല്ല്, ഞണ്ട്, കക്കയിറച്ചി, പച്ചമത്സ്യം തുടങ്ങിയവയാണ് സംസ്ഥാനത്തുനിന്നു കയറ്റുമതി ചെയ്യുന്ന പ്രധാന സമുദ്രോത്പന്നങ്ങൾ.
നിശാന്ത് ഘോഷ്