ഓഹരി അവലോകനം / സോണിയ ഭാനു
ഓഹരിസൂചികയിലെ രക്തച്ചൊരിച്ചിൽ നിക്ഷേപകരുടെ അടിത്തറ ഇളക്കുന്നു. വിദേശഫണ്ടുകൾ തുടർച്ചയായ അഞ്ചാം വാരവും ബ്ലൂചിപ്പ് ഓഹരികളിൽ സൃഷ്ടിച്ച വില്പനതരംഗത്തിനുമുന്നിൽ പിടിച്ചുനിൽക്കാൻ ഇന്ത്യൻമാർക്കറ്റിനായില്ല. തകർച്ച തടയാൻ ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ കോടികൾ വാരിയെറിഞ്ഞിട്ടും പ്രമുഖ ഓഹരിസൂചികകൾ രണ്ട് വർഷത്തിനിടയിലെ ഏറ്റവും കനത്ത തകർച്ചയിൽ അകപ്പെട്ടു.
ബോംബെ സെൻസെക്സ് നാല് പ്രവർത്തിദിനങ്ങൾക്കിടയിൽ 1850 പോയിന്റും നിഫ്റ്റി 614 പോയിന്റും ഇടിഞ്ഞത് നിക്ഷേപകരെ മാനസികസംഘർഷത്തിലാക്കി. ബോംബെ സൂചിക 25 പ്രവർത്തിദിനങ്ങൾക്കിടയിൽ 4600 പോയിന്റ് ഇടിഞ്ഞു. അഞ്ചാഴ്ചകളിൽ നിഫ്റ്റി 1368 പോയിന്റ് കുറഞ്ഞു. തകർച്ചയുടെ ആഘാതം താങ്ങാനാവാതെ ചെറുകിട ഇടപാടുകാർ രംഗത്തുനിന്ന് അല്പം പിൻവലിഞ്ഞു.
ക്രൂഡ് ഓയിൽ വില കത്തിക്കയറിയതും ഫോറെക്സ് മാർക്കറ്റിൽ ഡോളറിനു മുന്നിൽ ഇന്ത്യൻനാണയം പിടിച്ചുനിൽക്കാനാവാതെ ചക്രശ്വാസം വലിച്ചതും ഓഹരി വിപണിയുടെ അടിത്തറയിൽ വിള്ളലുളവാക്കി.
വിദേശ ഫണ്ടുകൾ 9522.44 കോടി രൂപയുടെ ഓഹരികൾ വിറ്റു. തകർച്ചയെ തടയാൻ ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ നിക്ഷേപകരായെങ്കിലും അവർക്കു രക്ഷകരാവാനായില്ല. മ്യൂച്വൽ ഫണ്ടുകൾ 6933.07 കോടി രൂപയുടെ ഓഹരി വാങ്ങി. വിപണിയെ മറുവശത്തുനിന്ന് വീക്ഷിച്ചാൽ ബോട്ടം ഫിഷിങിനുള്ള അവസരം ഇന്ത്യൻ ഫണ്ടുകൾ പ്രയോജനപ്പെടുത്തിയെന്ന് ആശ്വാസിക്കാം.
സൂചികയെ കൂടുതൽ സമ്മർദത്തിലാഴ്ത്തിയത് രൂപയാണ്. 72.55 ൽനിന്ന് രൂപയുടെ വിനിമയനിരക്ക് റിക്കാർഡുകൾ തകർത്ത് 74.21 വരെ ഇടിഞ്ഞു. വാരാന്ത്യം 74.12 ലാണ്. ആർബിഐ വായ്പാ അവലോകനത്തിൽ പലിശയിൽ മാറ്റം വരുത്തി സാന്പത്തിക മേഖലയുടെ വളർച്ചയ്ക്ക് ഉൗർജം പകരുമെന്ന കണക്കുകൂട്ടലുകൾ തെറ്റിയത് തകർച്ച രൂക്ഷമാക്കി. രൂപയുടെ മൂല്യം ജനുവരിക്ക് ശേഷം 17 ശതമാനം ഇടിഞ്ഞു.
ഏപ്രിലിൽ 424.028 ബില്യൻ ഡോളറിൽ നിലകൊണ്ട വിദേശനാണയ കരുതൽശേഖരമിപ്പോൾ 400 ലേയ്ക്കുപതിച്ചു. 375 ബില്യൻ ഡോളറിലേയ്ക്ക് കരുതൽശേഖരം നീങ്ങാൻ ഇടയുണ്ട്.ക്രൂഡ് ഇറക്കുമതിച്ചെലവുതന്നെയാണ് തിരിച്ചടിയാവുന്നത്.
എണ്ണ കന്പനികൾ കയറ്റുമതിയിൽനിന്ന് പിൻമാറിയാൽതന്നെ ഡോളറിനുള്ള ഡിമാൻഡ് കുറയും. ക്രൂഡ് ഓയിൽ മൂല്യ വർധിതമാക്കി കയറ്റുമതി നടത്തുന്നുണ്ട്. ഇത് ഒഴിവാക്കിയാൽ വൻതോതിൽ ഡോളർ ശേഖരിക്കുന്നതു ഒരു പരിധിവരെ പിടിച്ചുനിർത്താം. രാജ്യാന്തരവിപണിയിലെ മത്സരം കണക്കിലെടുത്താൽ ഇന്ത്യക്ക് ഇത് നഷ്ട കച്ചവടമാണ്.
ഓഗസ്റ്റിലെ ഉയർന്ന റേഞ്ചിൽനിന്ന് ബിഎസ്ഇയും എൻഎസ്ഇയും 12 ശതമാനം ഇടിഞ്ഞു. സെൻസെക്സ് റിക്കാർഡായ 38,989.65ൽനിന്നും നിഫ്റ്റി 11,760.20ൽനിന്നുമാണ് തകർന്നത്. പിന്നിട്ടവാരം 36,550ൽനിന്നു തളർന്ന സെൻസെക്സ് ഒരു വേള 34,202വരെ ഇടിഞ്ഞു. വെള്ളിയാഴ്ച സൂചിക 34,377 പോയിന്റിലാണ്. ഈവാരം സെൻസെക്സിന് 33,536 ൽ ആദ്യ താങ്ങുണ്ട്. ഇത് നഷ്ടപ്പെട്ടാൽ 32,695 വരെ സാങ്കേതിക പരീക്ഷണങ്ങൾ തുടരാം. അതേസമയം, തിരിച്ചുവരവിന് ശ്രമിച്ചാൽ 35,884 ലും 37,399 ലും പ്രതിരോധമുണ്ട്.
വിപണിയുടെ മറ്റ് സാങ്കേതിക വശങ്ങളിലേയ്ക്ക് തിരിഞ്ഞാൽ ഡെയ്ലി ചാർട്ടിൽ സെൻസെക്സ് ഓവർ സോൾഡാണ്. ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്, സ്ലോ സ്റ്റോക്കാസ്റ്റിക്, ഫുൾ സ്റ്റോക്കാസ്റ്റിക്, സ്റ്റോക്കാസ്റ്റിക് ആർഎസ്ഐ എന്നിവ ഓവർ സോൾഡ് മേഖലയിലാണ്. സൂപ്പർ ട്രെൻഡ്, പരാബോളിക് എസ്എആർ, എംഎസിഡി തുടങ്ങിയവ സെല്ലിംഗ് മൂഡിലും.
നിഫ്റ്റി 11,014 പോയിന്റിൽനിന്ന് 10,261 ലേയ്ക്കു തകർന്നശേഷം വാരാന്ത്യം 10,316 പോയിന്റിലാണ്. നിഫ്റ്റിക്ക് ഈ വാരം 10,046 പോയിന്റ് നിർണായകമാണ്. ഈ സപ്പോർട്ട് നഷ്ടപ്പെട്ടാൽ 9779 ലേയ്ക്കു തളരാം. മികവിന് ശ്രമിച്ചാൽ 10,799-11,283 ലേയ്ക്കു സൂചിക ചുവടുവയ്ക്കാം.