ബോബൻ ബി. കിഴക്കേത്തറ
കളമശേരി: അറബിക്കടലിൽ ന്യൂനമർദങ്ങൾ തുടർച്ചയായി രൂപം കൊള്ളുന്നത് കേരളക്കരയ്ക്ക് ഭീഷണിയാവുകയാണെന്ന് മുന്നറിപ്പ്. സാധാരണയായി ബംഗാൾ ഉൾക്കടലാണ് ന്യൂനമർദങ്ങൾക്കും തുടർന്നുണ്ടാകുന്ന ചുഴലിക്കാറ്റുകൾക്കും കുപ്രസിദ്ധമായ സ്ഥലം.
എന്നാൽ ഒരു വർഷത്തിനുള്ളിൽ അഞ്ച് ചുഴലിക്കാറ്റുകൾക്ക് അറബിക്കടലിലെ ന്യൂനമർദങ്ങൾ കാരണമായത് വലിയ രീതിയിലുള്ള കാലാവസ്ഥാ മാറ്റത്തിന്റെ സൂചനയാണെന്ന് കുസാറ്റ് കാലാവസ്ഥ റഡാർ കേന്ദ്രത്തിലെ ശാസ്ത്രജ്ഞനായ ഡോ. എം.ജി. മനോജ് മുന്നറിയിപ്പ് നൽകുന്നു.ചുഴലിക്കാറ്റുകൾക്ക് കാരണമാകുന്ന ഉയർന്ന ചൂട് ബംഗാൾ ഉൾക്കടലിനെ പോലെ അറബിക്കടലിലും അടുത്ത കാലത്തായി കാണുന്നതാണ് ഈ ആശങ്കയ്ക്ക് കാരണം.
ചൂടിനെ തുടർന്നുണ്ടാകുന്ന താപോർജത്തെ നിർവീര്യമാക്കാനുള്ള പ്രക്രിയയാണ് ചക്രവാകങ്ങളുടെ ജനനത്തിലേക്ക് നയിക്കുന്നത്. അറബിക്കടലിൽ ചൂട് കൂടുന്നത് പ്രത്യേകിച്ച് കേരളത്തിന്റെ തീരത്തോട് ചേർന്ന് കിടക്കുന്ന തെക്ക്-കിഴക്കൻ മേഖലയിലാണ്. ഇതാണ് കേരളക്കരയ്ക്ക് വെല്ലുവിളിയായിരിക്കുന്നത്.
സമീപ ഭാവിയിൽ ചുഴലിക്കാറ്റുകൾ ഇനിയുമെത്തുമെന്ന് കുസാറ്റ് കേന്ദ്രം സൂചന നൽകുന്നു. അത് കന്യാകുമാറിയേയും തിരുവനന്തപുരത്തേയും ഏറെ ബാധിക്കാൻ സാധ്യതയുണ്ട്. ഈ മാസം തന്നെ അറേബ്യൻ കടലിൽ രൂപം കൊണ്ട് ശക്തമായ ചുഴലിക്കാറ്റായി മാറാനുള്ള സാധ്യതയാണ് ഡോ. എം.ജി. മനോജ് വ്യക്തമാക്കിയത്.
ഇതിന് മുമ്പ് 1998 ൽ ലാണ് ബംഗാൾ ഉൾക്കടലിലും അറേബ്യൻ കടലിലും ഒരു പോലെ ശക്തമായ ചുഴലിക്കാറ്റുകൾ ഉണ്ടായത്. കേരളം ഭയന്ന ലുബാൻ ചുഴലിക്കാറ്റ് വടക്ക്-പടിഞ്ഞാറോട്ട് നീങ്ങി ഒമാൻ തീരത്തേക്ക് അടുക്കുകയാണ്. ഗതി മാറ്റാവുന്നത്ര ശക്തിയുള്ള കാറ്റെത്തിയാൽ വലത്തോട്ട് തിരിഞ്ഞ് ഇതേ ചുഴലിക്കാറ്റ് ഗുജറാത്തിലെത്താം. അതറിയാൻ 10 വരെ കാത്തിരിക്കണമെന്നും മനോജ് പറഞ്ഞു.
ഒമാനിലേക്ക് നീങ്ങുന്ന ചുഴലിക്കാറ്റ് അറേബ്യൻ കടലിൽ രൂപം കൊണ്ടത് ദിവസങ്ങൾ എടുത്താണ്. ചുഴലിക്കാറ്റിന്റെ കേന്ദ്ര ബിന്ദു രൂപം കൊണ്ടതും ഞായറാഴ്ചയാണ്. അതിനാൽ പഠിക്കാനും മുന്നറിയിപ്പ് നൽകാനും നമുക്കായി. എന്നാൽ സർവനാശം വിതച്ച ഓഖി ചുഴലിക്കാറ്റ് അറബിക്കടലിൽ 6 മണിക്കൂറുകൾ കൊണ്ട് മാത്രമുണ്ടായതാണെന്നും ഡോ. എം.ജി. മനോജ് പറഞ്ഞു.