നെയ്യാറ്റിൻകര: മദ്യപിക്കാൻ പണം ആവശ്യപ്പെട്ട് നൽകാത്തതിനാൽ മാതാവിനെ ചവിട്ടിക്കൊന്ന കേസിൽ യുവാവ് അറസ്റ്റിൽ. നെയ്യാറ്റിൻകര തൊഴുക്കൽ പുതുവൽ പുത്തൻവീട്ടിൽ ശ്രീലത (45) കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടാണ് മകൻ മോനു എന്നു വിളിക്കുന്ന മണികണ്ഠ (22) നെ പോലീസ് അറസ്റ്റ് ചെയ്തത്.
ശ്രീലതയുടെ കൊലപാതകം സംബന്ധിച്ച് പോലീസ് ഭാഷ്യം ഇങ്ങനെ: ഇക്കഴിഞ്ഞ നാലിന് ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് ശ്രീലതയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മ മരണമടഞ്ഞു എന്ന് പുറത്ത് പറഞ്ഞത് മകൻ മണികണ്ഠനാണ്. ആദ്യ ഭർത്താവായ വിക്ടറുമായി പിരിഞ്ഞ് രണ്ടാം ഭർത്താവായ മണിയൻ എന്നയാളുമൊരുമിച്ചാണ് ശ്രീലത തൊഴുക്കലിൽ താമസിക്കുന്നത്.
ആദ്യബന്ധത്തിലെ മകനായ മണികണ്ഠനെ കൂടാതെ ശ്രീലതയ്ക്ക് രണ്ടാമത്തെ വിവാഹത്തിൽ ഒരു മകൾ കൂടിയുണ്ട്. മദ്യലഹരിയിൽ മണിയനും മണികണ്ഠനും വീട്ടിൽ ബഹളമുണ്ടാക്കുന്നത് പതിവാണ്. ഇക്കാരണത്താൽ തന്നെ പരിസരവാസികൾ ഈ കുടുംബവുമായി യാതൊരു സഹകരണവുമില്ലായെന്നും പോലീസ് പറഞ്ഞു.
സംഭവ ദിവസം രാവിലെ ഒഴിഞ്ഞ മദ്യക്കുപ്പി കണ്ടപ്പോൾ മണികണ്ഠൻ അമ്മയോട് മദ്യം വാങ്ങാനുള്ള പണം ആവശ്യപ്പെട്ടു. പണം നൽകാത്തതിനാൽ മണികണ്ഠൻ അമ്മയെ മർദ്ദിച്ചു. നിലത്തു വീണ ശ്രീലതയുടെ നെഞ്ചിൽ ആഞ്ഞുചവിട്ടുകയും ചെയ്തു. ആന്തരികാവയവങ്ങൾ തകർന്ന്, രക്തസ്രാവമുണ്ടായതാണ് ശ്രീലതയുടെ മരണകാരണമെന്ന് പോലീസ് ചൂണ്ടിക്കാട്ടി.
അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസിന് പോസ്റ്റുമോർട്ടം റിപ്പോർട്ടിലൂടെ മരണകാരണം വ്യക്തമായി. ശ്രീലത മരണമടഞ്ഞ ദിവസം വീട്ടിലുണ്ടായിരുന്ന മണികണ്ഠന്റെ സംശയാസ്പദമായ സ്വഭാവവും പോലീസ് നിരീക്ഷിച്ചു.
പിന്നീട് മണികണ്ഠനെ ചോദ്യം ചെയ്തപ്പോഴാണ് ക്രൂരമായ ഈ നരഹത്യ വെളിവായത്. നിരവധി ക്രിമനൽ കേസുകളിലെ പ്രതിയാണ് ഇയാളെന്നും പോലീസ് കൂട്ടിച്ചേർത്തു. വീടാക്രമിച്ച് ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമിച്ചതിനും ലോറി തടഞ്ഞു നിർത്തി പണവും സ്വർണ്ണവും അപഹരിച്ചതിനും ഇയാളുടെ പേരിൽ കേസുകളുണ്ട്.
നെയ്യാറ്റിൻകര ഡിവൈഎസ്പി ബി. ഹരികുമാറിന്റെ നേതൃത്വത്തിൽ സിഐ പ്രദീപ്കുമാർ, എസ്ഐ മാരായ സന്തോഷ്കുമാർ, ഷാജഹാൻ, എഎസ്ഐ മോഹനകുമാർ, കൃഷ്ണകുമാർ, ഉണ്ണികൃഷ്ണൻ, സിപിഒ മാരായ അഭിലാഷ്, ഹരികൃഷ്ണൻ, സ്മിജാ, ദീപു എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.