അടൂർ: ചെക്കിൽ കൃത്രിമം കാണിച്ച് ആറു ലക്ഷം രൂപയുടെ തട്ടിപ്പു നടത്തിയ കേസിൽ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് അറസ്റ്റിൽ. പന്തളം തെക്കേക്കര പൊങ്ങലടി മാമൂട് മാക്കാടയ്യത്ത് എം.എൻ. വിശാഖ് കുമാറി (54)നെയാണ് അടൂർ പോലീസ് അറസ്റ്റ് ചെയ്തത്. പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും കോണ്‍ഗ്രസ് പ്രാദേശിക നേതാവുമായിരുന്ന വിശാഖ് കുമാർ പത്തനംതിട്ട ജില്ലാ സഹകരണ ബാങ്ക് അക്കൗണ്ടന്റ് കൂടിയാണ്.
അടൂർ ടൗണിലെ സണ്‍ഷൈൻ ജ്വല്ലറിയിൽനിന്നും 2017 ജനുവരിയിൽ 198 ഗ്രാം സ്വർണം വാങ്ങി ആറു ലക്ഷം രൂപയുടെ വെട്ടിത്തിരുത്തിയ ചെക്ക് നൽകി കബളിപ്പിച്ചതായാണ് പരാതി. വിശാഖ് കുമാർ ജ്വല്ലറിയിൽ നൽകിയ ചെക്കിൽ തിരുത്തലുകളുണ്ടെന്ന പേരിൽ ബാങ്കിൽനിന്നു മടങ്ങുകയും ജ്വല്ലറി ഉടമ ഈ വിവരം ഇയാളെ അറിയിക്കുകയും ചെയ്തിരുന്നു. 40,000 രൂപ പണമായി നൽകിയെങ്കിലും സ്വർണവിലയായി ലഭിക്കേണ്ടിയിരുന്ന ആറു ലക്ഷം രൂപ നൽകാൻ തയാറായില്ല.
പണം നൽകാൻ വിശാഖ് കുമാർ തയാറാകാത്തതിനെ തുടർന്നാണ് ജ്വല്ലറി ഉടമ സൈമണ്‍ ചെറിയാൻ അടൂർ പോലീസിൽ പരാതി നൽകിയത്. അടൂർ സിഐ സന്തോഷ് കുമാർ, എസ്ഐമാരായ രമേശ്, ശ്രീജിത്ത്, എഎസ്ഐ വിനോദ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്്. വിശാഖ് കുമാറിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ജില്ലാ സഹകരണ ബാങ്കിൽ ജോലി വാഗ്ദാനം ചെയ്തു പലരിൽനിന്നായി 23 ലക്ഷം രൂപ അപഹരിച്ചുവെന്ന പേരിൽ ഇയാൾക്കെതിരെ കൊടുമണ്‍ പോലീസിൽ പരാതിയുണ്ട്.
ഇതുമായി ബന്ധപ്പെട്ട് പണം നൽകിയവർ ഇയാളുടെ വീട്ടുപടിക്കൽ സമരം നടത്തിവരവേയാണ് മറ്റൊരു കേസിൽ അറസ്റ്റുണ്ടായിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. വിശാഖ് കുമാറിനെതിരെ പോലീസ് നടപടിയില്ലെന്ന ആക്ഷേപവുമായി കഴിഞ്ഞദിവസം സമരസമിതി രംഗത്തെത്തിയിരുന്നു.
പട്ടികജാതി ക്ഷേമ സമിതിയുടെ നേതൃത്വത്തിൽ സമരം ആരംഭിച്ചതോടെ വിശാഖ് കുമാർ ഒളിവിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. അടൂരിലെ കേസിൽപിടിയിലായതോടെ തങ്ങളുടെ പരാതിയിലും അറസ്റ്റുണ്ടാകുമെന്ന പ്രതീക്ഷയിലാണ് തട്ടിപ്പിനിരയായവർ. അടൂർ ഡിവൈഎസ്പിയാണ് ഈ കേസും അന്വേഷിക്കുന്നത്. എന്നാൽ ജ്വല്ലറി ഉടമയുടെ പരാതിയിൽ അറസ്റ്റ് രേഖപ്പെടുത്തിയപ്പോഴും മറ്റു കേസുകളുടെ വിവരം പോലീസ് മറച്ചുവച്ചതായി ആക്ഷേപമുണ്ട്.
വിദ്യാർഥികളുൾപ്പെടെയുള്ളവരിൽനിന്നാണ് സഹകരണബാങ്കിൽ ജോലി വാഗ്ദാനം ചെയ്ത് ഇയാൾ പണം വാങ്ങിയിരുന്നത്. പണം വാങ്ങി മാസങ്ങൾ കഴിഞ്ഞിട്ടും ജോലി ലഭിക്കാതെവന്നപ്പോൾ കോണ്‍ഗ്രസ് നേതാക്കളുടെ പേരു പറഞ്ഞ് ഇയാൾ വാഗ്ദാനം ആവർത്തിക്കുകയായിരുന്നു.
പണം തിരികെ കിട്ടാൻ വേണ്ടി പല കോണ്‍ഗ്രസ് നേതാക്കളെയും പരാതിക്കാർ സമീപിച്ചിരുന്നു. ജില്ലാ ബാങ്ക് മുൻ ഭരണസമിതിയിലെ പല പ്രമുഖരുടെയും പേരു പറഞ്ഞാണ് തട്ടിപ്പ് നടത്തിയതെന്നും സമരസമിതി പറഞ്ഞു. ഇവരെയൊക്കെ പരാതിക്കാർ സമീപിച്ചപ്പോൾ അവരും കൈമലർത്തി. തുടർന്നാണ് പോലീസിനെ സമീപിച്ചത്.
പണം മടക്കി നൽകരുതെന്ന് മുൻകൂട്ടി നിശ്ചയിച്ചാണ് ഇയാൾ നാട്ടുകാരെ വഞ്ചിച്ചതെന്ന് പട്ടികജാതി ക്ഷേമസമിതി പറയുന്നു. പലരും അക്കൗണ്ട് മുഖേന പണം നൽകാമെന്ന് പറഞ്ഞിട്ടും നേരിട്ട് നൽകിയാൽ മതിയെന്ന് വിശാഖ് കുമാർ വാശിപിടിച്ചത് കേസിൽ വിശാഖ്കുമാർ മുൻകൂർ ജാമ്യം നേടിയിരുന്നതായി പോലീസ് പറയുന്നു. ഇക്കാരണത്താലാണ് ഇയാളെ അറസ്റ്റ് ചെയ്യാൻ വൈകിയതെന്നുമാണ് പോലീസ് ഭാഷ്യം.