ചേർത്തല: വനിതാ പഞ്ചായത്തംഗത്തിന്റെ വീടിനുനേരെ നടന്ന ആക്രമണത്തിൽ മാതാവിന് പരിക്ക്. അക്രമികൾ വീടിന്റെ വേലി പെട്രോളൊഴിച്ചു കത്തിക്കുകയും വീടിനു മുന്നിലുണ്ടായിരുന്ന സ്കൂട്ടർ തല്ലിതകർക്കുകയും ചെയ്തിട്ടുണ്ട്. തണ്ണീർമുക്കം പഞ്ചായത്ത് അഞ്ചാം വാർഡംഗം സി.എൻ സനജയുടെ വീടിനുനേരെ ഇന്നലെ രാത്രി 7.30 ഓടെയാണ് അക്രമമുണ്ടായത്.
അക്രമത്തിൽ പരിക്കേറ്റ അമ്മ സരസമ്മയെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രകടനമായെത്തിയ ബിജെപി പ്രവർത്തകരാണ് അക്രമം നടത്തിയതെന്ന് ഇവർ പോലീസിനു മൊഴി നൽകിയിട്ടുണ്ട്. വാർഡിൽ നീർച്ചാലുനികത്തി നടത്തുന്ന സ്വകാര്യ റോഡുനിർമാണത്തിനെതിരേ നിലപാടെടുത്തതാണ് പ്രകോപനത്തിനു കാരണമെന്ന് ഗ്രാമപ്പഞ്ചായത്തംഗം സി.എസ് സനജ പറഞ്ഞു.
സംഭവമറിഞ്ഞ് ചേർത്തല സിഐ പി. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവസ്ഥലത്ത് എത്തി.