രാഹുല്‍ഗാന്ധി പങ്കെടുത്ത റോഡ് ഷോയ്ക്കിടെ ബലൂണ്‍ പൊട്ടിത്തെറിയും തീ പിടുത്തവും ! ആദ്യം ഞെട്ടിയ രാഹുലിന്റെ മുഖത്ത് ഉടനടി പുഞ്ചിരി; വീഡിയോ വൈറല്‍

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി പങ്കെടുത്ത റോഡ് ഷോയ്ക്കിടെ നടന്ന ബലൂണ്‍ പൊട്ടിത്തെറിയും തീ പിടുത്തവും ആദ്യം ആശങ്കയും പിന്നീട് ചിരിയുണര്‍ത്തുന്നതുമായി. തെരഞ്ഞെടുപ്പ് പ്രമാണിച്ച് കോണ്‍ഗ്രസ് നടത്തിയ റോഡ് ഷോയ്ക്കിടെയാണ് ബലൂണുകള്‍ക്ക് തീപിടിച്ച് പൊട്ടിത്തെറി ഉണ്ടായത്.

തലനാരിഴയ്ക്കാണ് ബലൂണ്‍ പൊട്ടിത്തെറിയില്‍ നിന്ന് രാഹുല്‍ ഗാന്ധി രക്ഷപെട്ടതും. മധ്യപ്രദേശിലെ ജബല്‍പൂരിലായിരുന്നു സംഭവം. പൊട്ടിത്തെറി നടന്ന സെക്കന്റില്‍ തന്നെ സുരക്ഷാസേന സ്ഥലത്തെത്തി ജനങ്ങളെ മാറ്റി സുരക്ഷ ഒരുക്കുകയും ചെയ്തു.

നിമിഷനേരം കൊണ്ട് അപകടസാഹചര്യം ഇല്ലാതായി. പാര്‍ട്ടി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്ത് തുറന്ന വാഹനത്തില്‍ രാഹുല്‍ വരെവയാണ് ബലൂണിന് തീപിച്ചത്. രാഹുലിനെ ആരതി ഉഴിഞ്ഞ് സ്വീകരിക്കാനായി തയാറാക്കി വെച്ചിരുന്ന തട്ടില്‍ നിന്നാണ് ബലൂണ്‍ കൂട്ടത്തിലേക്ക് തീപടര്‍ന്നത്.

തീപിടിച്ചതോടെ വന്‍ ശബ്ദത്തില്‍ ബലൂണ്‍ പൊട്ടിത്തെറിക്കുകയും വലിയ തീനാളം ഉയരുകയും ചെയ്തു. തീ ഉയര്‍ന്ന സ്ഥലവും രാഹുല്‍ സഞ്ചരിച്ച വാഹനവും തമ്മില്‍ ഏതാനും അടി മാത്രമായിരുന്നു അകലം.

ആദ്യം ഒന്ന് ഞെട്ടിയെങ്കിലും മനസാന്നിധ്യം വീണ്ടെടുത്ത രാഹുലിന്റെ മുഖത്ത് ഉടന്‍ ചിരി വിരിയുകയായിരുന്നു. എങ്കിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിസരങ്ങളിലുണ്ടായിരുന്നവരെ ബലം പ്രയോഗിച്ച് തള്ളി മാറ്റുകയാണ് ചെയ്തത്.

നര്‍മ്മദാ നദീ തീരത്ത് നിന്ന് ആരംഭിച്ച റോഡ് ഷോ ജബല്‍പൂര്‍ വെസ്റ്റ്, ജബല്‍പൂര്‍ നോര്‍ത്ത് സെന്‍ട്രല്‍, ജബല്‍പൂര്‍ ഈസ്റ്റ് എന്നീ മൂന്ന് നിയോജക മണ്ഡലങ്ങളിലൂടെയാണ് കടന്നു പോയത്. മധ്യപ്രദേശിലെ മുതിര്‍ന്ന നേതാക്കളായ കമല്‍നാഥും ജ്യോതിരാദിത്യ സിന്ധ്യയും രാഹുലിനെ അനുഗമിച്ചിരുന്നു.

Related posts