മലന്പുഴ: മലന്പുഴയിലേക്ക് സന്ദർശകരായെത്തുന്നവരെ ഭീഷണിപ്പെടുത്തി പണവും വിലപ്പെട്ട സാധനങ്ങളും കൈവശപ്പെടുത്തുന്ന സംഘത്തെ മലന്പുഴ എസ്.ഐ ഷമീറിന്റെ നേതൃത്വത്തിലുള്ള പോലീസ് പിടികൂടി. മലന്പുഴ കടുക്കാംകുന്നം സ്വദേശികളായ വിനു, ലിനേഷ്,പ്രണവ് എന്നിവരാണ് പിടിയിലായത്.
സംഭവത്തെകുറിച്ച് പോലീസ് പറയുന്നത് ഇങ്ങിനെ. കഴിഞ്ഞ സെപ്റ്റംബർ മാസം ഒന്‍പതാം തീയതി മണ്ണാർക്കാട്ടു നിന്ന് മലന്പുഴ സന്ദർശിക്കാനെത്തി, രാത്രി ഒന്‍പതരയോടെ കാറിൽ മടങ്ങുകയായിരുന്ന രണ്ടു പേരെ യാത്രാമദ്ധ്യേ മൂന്നു ബൈക്കുകളിലായി എത്തിയ അഞ്ചംഗസംഘം വാഹനം തടഞ്ഞു നിർത്തി ബിയർ കുപ്പി കൊണ്ട് തലയ്ക്കടിച്ച് ആക്രമിക്കുകയും കയ്യിലുണ്ടായിരുന്ന 25,000 രൂപയും, രണ്ട് മൊബൈൽ ഫോണും കവർന്നു.
കൂടാതെ കാർ കൈവശപെടുത്തുകയും ചെയ്തിരുന്നതായാണ് പരാതി. കാറിലുള്ളവർ കുഴൽപണ മാഫിയ സംഘമായിരിക്കുമെന്നാണ് അക്രമികൾ പ്രതീക്ഷിച്ചത്. ഇത്തരത്തിലുള്ള സമാന സംഭവങ്ങൾ മുന്‍പും നടന്നിട്ടുണ്ടെങ്കിലും അനധികൃത പണമാകുന്പോൾ ആരും തന്നെ പരാതിപ്പെടാറില്ല.
സംഭവത്തോടടുത്ത ദിവസം തന്നെ ഒരാൾ കസ്റ്റഡിയിലാവുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് സംഘത്തിലെ രണ്ടുപേരെക്കൂടി പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. ഇത്തരം സംഘങ്ങൾ വേറെയും ഉണ്ടാകാമെന്നാണ് പോലീസ് പറയുന്നത്.മാസങ്ങൾക്ക് മുന്‍പ് വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ ഒരാളെ തലയ്ക്കടിച്ച് ക്ഷതമേല്‍പ്പിച്ച പരാതിയിൽ നാല്പത് ദിവസത്തോളം റിമാൻഡിൽ കഴിഞ്ഞ വ്യക്തിയാണ് ലിനേഷെന്ന് പോലീസ് പറഞ്ഞു.
മലന്പുഴ ഉദ്യാന സന്ദർശനത്തിനെത്തുന്നവരെയാണ് ഇത്തരംസംഘങ്ങൾ നോട്ടമിട്ടുന്നത്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിലേക്കും വിജനമായ ഇടങ്ങളിലേക്കും എത്തുന്നവർക്ക് ഇത്തരം അനിഷ്ടസംഭവങ്ങൾ നേരിടാൻ സാധ്യതയേറെയാണ്.