കൊല്ലം: കേന്ദ്രസർക്കാർ വിമുക്തഭടന്മാരോട് കാണിക്കുന്ന വിവേചനങ്ങൾക്ക് എതിരേ വിമുക്ത സൈനികരും ആശ്രിതരും കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രക്ഷോഭം ആരംഭിക്കുന്നു.
ഇതിന്റെ തുടക്കമായി ജില്ലയിലെ വിമുക്ത സൈനികരും ആശ്രിതരും കുടുംബാംഗങ്ങളും നാളെ രാവിലെ 11ന് കൊല്ലം ചിന്നക്കട ഹെഡ്പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ നടത്തും.ആർ.രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. രാവിലെ പത്തിന് ആശ്രാമം മൈതാനിയിൽ നിന്ന് പ്രതിഷേധ റാലി ആരംഭിക്കും.
ഒരേ റാങ്കിന് ഒരേ പെൻഷൻ പൂർണമായും നടപ്പിലാക്കുക, ഏകാംഗ ജുഡീഷൽ കമ്മീഷൻ പുറത്തുവിടുക, ആറാം ശന്പള കമ്മീഷനിലെ അപാകതകൾ പൂർണമായും പരിഹരിക്കുക, 15 വർഷം പൂർത്തിയാക്കാൻ കഴിയാതെ എന്നാൽ പത്ത് വർഷത്തിന് മുകളിൽ സേവനം ചെയ്ത് വിരമിക്കേണ്ടി വരുന്ന പെൻഷനില്ലാത്ത സൈനികർക്ക് ആനുപാതികമായി പെൻഷൻ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് ജില്ലാ കമ്മിറ്റി ഭാരവാഹികളായ ആർ.ജി.പിള്ള, പി.സതീശ് ചന്ദ്രൻ, കെ.പി.ശശിധരൻപിള്ള, ഡി,ശശികുമാർ, കെ.ജി.ഉണ്ണിത്താൻ, കെ.തുളസീധരൻപിള്ള തുടങ്ങിയവർ പത്രസമ്മേളനത്തിൽ സംബന്ധിച്ചു.