വടകര: വടകര നഗരത്തിനും പരിസര പ്രദേശങ്ങള്‍ക്കും പരിചിതമില്ലാത്ത മുഖമാണ് ദിവസങ്ങളായി അരങ്ങറുന്നത്. അഞ്ചു ദിവസമായി തുടര്‍ച്ചയായി ബോംബാക്രമങ്ങളുമായാണ് നേരം പുലരുന്നത്. സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായി ഇന്ന് ഹര്‍ത്താലും. ജനജീവിതം ദുസഹമാകുന്ന സ്ഥിതിയിലാണ് കാര്യങ്ങള്‍ .
വടകര മുനിസിപ്പാലിറ്റിയിലെ അറക്കിലാട് പ്രദേശത്ത് ബിജെപി, സിപിഎം കക്ഷികള്‍ തമ്മിലുള്ള രാഷ്ട്രീയപോര്വിളിയാണ് നഗരഹൃദയത്തിലേക്കും പരിസരത്തേക്കും സൈ്വരജീവിതത്തിനു ഭീഷണിയായി വ്യാപിച്ചത്. കൊടി നശിപ്പിച്ചതിനെ ചൊല്ലിയുള്ള വാക്കേറ്റത്തിന്റെ തുടര്‍ച്ചയായി യുവമോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി നിധിന്റെ വീടിനു നേരെ ബോംബേറുണ്ടായി.
ഇതിനു തിരിച്ചടിയായി സിപിഎം നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി അംഗം കാനപ്പള്ളി ബാലകൃഷ്ണന്റെ വീടിനു നേരെ ബോബെറിഞ്ഞ് പ്രതികാരം തീര്‍ത്തു. അറക്കിലാട് പ്രദേശത്തെ കുഴപ്പം നഗരത്തിലേക്ക് വ്യാപിക്കുകയായിരുന്നു. അറക്കിലാട് നിന്ന് ദൂരെ തെരു ഗണപതി ക്ഷേത്രത്തിനു സമീപമാണ് ബാലകൃഷ്ണന്റെ വീട്. ഇതിനു പ്രതികാരമായി ബിജെപി ടൗണ്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ചോളംവയലിലെ വീടിനു നേരെ ബോംബേറുണ്ടായി. ഇതോടെ നഗരഹൃദയം കേന്ദ്രീകരിച്ചായി പോര്‍വിളി.
മണിയുടെ വീടിനു നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ശനിയാഴ്ച നഗരത്തില്‍ പ്രകടനം നടത്തിയതിന്റെ തുടര്‍ച്ചയായി ബിജെപി നേതാവും ചോറോട് ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗവുമായ പി.ശ്യാംരാജ് ആക്രമിക്കപ്പെട്ടു. ഒപ്പമുണ്ടായിരുന്ന മൂന്നു പേര്‍ക്കും മര്‍ദനമേറ്റു. ഇവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.
ഇതിനു തിരിച്ചടി നല്‍കിയത് ശ്യാംരാജിന്റെ നാടായ കുരിയാടിയിലെ സിപിഎം ബ്രാഞ്ച് സെക്രട്ടറി ആര്.കെ.മോഹനന്റെ വീടിനു നേരെ ബോംബെറിഞ്ഞാണ്. മാരകമായ ആക്രമണത്തില്‍ മോഹനന് പരിക്കേറ്റ് ആശുപത്രിയിലായി. അക്രമങ്ങള്‍ ഇരുകൂട്ടരും നടത്തുമ്പോള്‍ ഹര്‍ത്താലുമായി ബിജെപി രംഗത്തെത്തി.
സിപിഎം ആക്രമണത്തില്‍ പ്രതിഷേധിച്ച് ഹര്‍ത്താലിന് ആഹ്വാനം ചെയ്തതിന്റെ തുടര്‍ച്ചയായി ചോറോട് പഞ്ചായത്തിന്റെ വടക്കേഅതിര്ത്തിയായ രയരങ്ങോത്ത് കെടി ബസാറില്‍ സിപിഎം ഒഞ്ചിയം ഏരിയാ കമ്മിറ്റി അംഗം പി.പി.ചന്ദ്രശേഖരന്റെ വീടിനു നേരെ ബോംബേറുണ്ടായത് ഏവരേയും ഞെട്ടിച്ചു.
ഇൗ സംഭവം കഴിഞ്ഞ് രണ്ടു മണിക്കൂറിനകം സ്വാമി മഠത്തിനു സമീപത്തെ പവിത്രന്റെ വീടിനു നേരെ കല്ലേറുണ്ടായി. വടകരയിലെങ്ങും ശക്തമായ പോലീസ് സാന്നിധ്യം ഏര്‍പെടുത്തിയിരിക്കുകയാണ്. അതേസമയം ആക്രമണങ്ങളില്‍ ഒന്നില്‍പോലും ആരേയും പിടികൂടാന്‍ പോലീസിനു കഴിഞ്ഞിട്ടില്ല.